'കലാപത്തിന് പ്രേരണ നല്‍കി'; ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയവുമായി ഡെമോക്രാറ്റുകള്‍ ; പ്രമേയം അവതരിപ്പിച്ചു

'കലാപത്തിന് പ്രേരണ നല്‍കി'; ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയവുമായി ഡെമോക്രാറ്റുകള്‍ ; പ്രമേയം അവതരിപ്പിച്ചു
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് പ്രമേയം. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നാണ് സൂചന.

ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്‌മെന്റ് പ്രമേയമാണിത്.

ഭരണഘടനാ അധികാരം ഉപയോഗിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ട്രംപിനെ പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. പ്രമേയം നാളെ പരിഗണിക്കുമെന്ന തീരുമാനത്തില്‍ സഭ പിരിഞ്ഞു. ട്രംപിനെ പുറത്താക്കാന്‍ മൈക്ക് പെന്‍സ് വിസമ്മതിച്ചാല്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.

അതേസമയം ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംസാരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡന്‍ സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

ഭരണപരമായ കര്‍ത്തവ്യങ്ങള്‍ മറന്ന ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡന്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. ഈ മാസം 20നാണ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്.Other News in this category4malayalees Recommends