ഒന്റാറിയോവില്‍ കോവിഡ് സ്ഥിതി വഷളാകുന്നു; പ്രൊവിന്‍സില്‍ പുതിയ 2903 കേസുകള്‍; ആശുപത്രിയിലാകുന്ന കോവിഡ് രോഗികളില്‍ കുതിച്ച് കയറ്റം; അഞ്ചില്‍ കൂടുതല്‍ പേര്‍ സംഗമിക്കരുതെന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ വൈകാതെ നിലവില്‍ വന്നേക്കും

ഒന്റാറിയോവില്‍ കോവിഡ് സ്ഥിതി വഷളാകുന്നു; പ്രൊവിന്‍സില്‍ പുതിയ  2903 കേസുകള്‍; ആശുപത്രിയിലാകുന്ന കോവിഡ് രോഗികളില്‍ കുതിച്ച് കയറ്റം; അഞ്ചില്‍ കൂടുതല്‍ പേര്‍ സംഗമിക്കരുതെന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ വൈകാതെ നിലവില്‍ വന്നേക്കും
കാനഡയിലെ ഒന്റാറിയോവില്‍ കോവിഡ് സ്ഥിതി വഷളായി വരുന്നുവെന്ന് മുന്നറിയിപ്പേകുന്ന പുതിയ മോഡലിംഗ് പുറത്തിറങ്ങി. ഇതിനെ തുടര്‍ന്ന് പ്രൊവിന്‍സില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്റാറിയോവില്‍ 2903 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനിടെ ഇവിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും കുതിച്ച് കയറ്റമുണ്ടായിട്ടുണ്ട്. നിലവില്‍ ഒന്റാറിയോവിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ പരിധിയിലധികം കോവിഡ് രോഗികള്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഈ മോഡലിംഗ് വെളിപ്പെടുത്തുന്നത്.

ഇതിന് പുറമെ ഈ മാസം അവസാനത്തോടെ പ്രൊവിന്‍സില്‍ പ്രതിദിനം 6000ത്തോളം പുതിയ കോവിഡ് കേസുകളുണ്ടാകുമെന്നും ഈ മോഡലിംഗ് പ്രവചിക്കുന്നു. കോവിഡ് കേസുകളും മരണങ്ങളുമേറിയതിനെ തുടര്‍ന്ന് ഒന്റാറിയോ ഡിസംബര്‍ 26 മുതല്‍ കര്‍ക്കശമായ ലോക്ക്ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ആളുകള്‍ ഒത്ത് ചേരുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. കൂടാതെ അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസകളും പുതിയ നിയന്ത്രണത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയിട്ടുമുണ്ട്.

കോവിഡ് കേസുകള്‍ താരതമ്യേന കുറഞ്ഞ നോര്‍ത്തേണ്‍ ഒന്റാറിയോവിലെ എലിമെന്ററി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകളിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സതേണ്‍ ഒന്റാറിയോവിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും ജനുവരി 25 വരെ പിന്തുടരേണ്ടി വരുകയെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രൊവിന്‍സിലെ കോവിഡ് പെരുപ്പം നേരിടുന്നതിനായി തന്റെ കാബിനറ്റ് ഇന്നലെ യോഗം ചേര്‍ന്നിരുന്നുവെന്നാണ് പ്രീമിയര്‍ ഡൗഗ് ഫോര്‍ഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ നിര്‍ണായകമായ നിര്‍ദേശങ്ങള്‍ കാബിനറ്റിന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്ത് ചേരരുതെന്നും അത്യാവശ്യ ബിസിനസുകളും ഷോപ്പുകളും പോലും വളരെ കുറച്ച് സമയം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും കണ്‍സ്ട്രക്ഷന്‍ ആക്ടിവിറ്റി നിയന്ത്രിക്കണമെന്നതടക്കമുള്ള കര്‍ക്കശമായ നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രൊവിന്‍സിലെ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് ശക്തമാണ്.

Other News in this category



4malayalees Recommends