പാകിസ്ഥാനില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍ ; കാണാതായി ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെത്തി

പാകിസ്ഥാനില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍ ; കാണാതായി ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെത്തി
പാകിസ്ഥാനില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍. പാകിസ്ഥാനിലെ സിന്ധ് പ്രിവശ്യയില്‍ ഈ മാസം ഒമ്പതിനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരി ഒമ്പതിനാണ് സിന്ധിലെ ഖൈര്‍പൂരില്‍ പെണ്‍കുട്ടിയെ കാണാതാകുന്നത്. ബന്ധുക്കളും പൊലീസും ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജനുവരി 11 ന് സ്ഥലത്തെ വാഴത്തോട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഇതിനു ശേഷമാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തി. സ്ഥലത്തുള്ള ഒരു വീട്ടില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് കൊലപ്പെട്ടത്.

പലപ്പോഴും ഈ വീട്ടില്‍ തന്നെയായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നതും. മോട്ടോര്‍ബൈക്ക് റിക്ഷാഡ്രൈവറാണ് പെണ്‍കുട്ടിയുടെ പിതാവ്. ഏഴ് സഹോദരങ്ങളുള്ള കുട്ടി രക്ഷിതാക്കളുടെ അറിവോടെയാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി വീട്ടില്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലായിരിക്കുമെന്നാണ് രക്ഷിതാക്കള്‍ ആദ്യം കരുതിയിരുന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അന്വേഷിച്ചിറങ്ങുന്നത്.കുട്ടി ജോലി ചെയ്യുന്ന വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താനായില്ല.

ദിവസങ്ങള്‍ക്ക് ശേഷമാണ് സമീപത്തുള്ള വാഴത്തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപത്തു കണ്ട കാല്‍പാടുകളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

ഇതുവരെ ഒമ്പതു പേരെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടിയവരുടെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.



Other News in this category



4malayalees Recommends