മാസ്റ്റര്‍ കാണാന്‍ ദിലീപുമെത്തി

മാസ്റ്റര്‍ കാണാന്‍ ദിലീപുമെത്തി
വിജയ് ചിത്രം 'മാസ്റ്റര്‍' റിലീസ് ആദ്യ ദിനം ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ രാവിലെ ഒമ്പത് മണി മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ദിവസം തന്നെ മാസ്റ്റര്‍ കാണാന്‍ എത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. ചാലക്കുടിയിലെ തിയേറ്ററില്‍ ദിലീപ് എത്തിയ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്. ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍ എന്ന് സിനിമാ സംഘടന ഫിയോക്കിന്റെ ചെയര്‍മാന്‍ കൂടിയായ ദിലീപ് ഇന്നലെ പറഞ്ഞിരുന്നു. ഇത്രയും നാള്‍ നമ്മളൊക്കെ സങ്കടത്തിലായിരുന്നു, ഇനി ആഘോഷത്തിന്റെ കാലമാണ് എന്നും ദിലീപ് പറഞ്ഞു.

മാസ്റ്ററിന് ആശംസകള്‍ അറിയിച്ചും താരം രംഗത്തെത്തി. 'മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.'

'അതിനു തുടക്കം കുറിച്ച ദളപതി വിജയ്‌യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യന്‍സും കുടുംബത്തോടൊപ്പം തിയേറ്ററുകളില്‍ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരാവേശമേകാന്‍' എന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Other News in this category4malayalees Recommends