ഞാനൊരു പ്രത്യേക ജനുസ്, പി ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയതെന്ന് മുഖ്യമന്ത്രി ; കുറച്ചു മയത്തില്‍ തള്ളണമെന്ന് ചെന്നിത്തല ; സഭയില്‍ തര്‍ക്കം

ഞാനൊരു പ്രത്യേക ജനുസ്, പി ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയതെന്ന് മുഖ്യമന്ത്രി ; കുറച്ചു മയത്തില്‍ തള്ളണമെന്ന് ചെന്നിത്തല ; സഭയില്‍ തര്‍ക്കം
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സഭയില്‍ വാക്ക് തര്‍ക്കം രൂക്ഷം. തന്റെ കൈകള്‍ ശുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും വലവീശാന്‍ കേന്ദ്ര ഏജന്‍സികള്‍ നോക്കി, ഒരു പരല്‍മീന്‍ പോലും കുടുങ്ങിയില്ല. താന്‍ യുഎപിഎ കേസില്‍ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തുണ്ട്, അത് അതിമോഹമാണ്. പി ആര്‍ ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്.

നിയമസഭയില്‍ താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ല. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു.

പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വി.എസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സരിത്തിനേയും എന്‍ ഐ എ പിടികൂടിയത് ബെംഗളൂരുവില്‍ നിന്നാണ്. ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണമില്ലാതെ യാത്ര ചെയ്യാനാകില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് സ്വപ്ന എങ്ങനെ ബെംഗളൂര്‍ എത്തിയെന്ന് പല കോണുകളില്‍ നിന്നായി ചോദ്യങ്ങളുയര്‍ന്നിരുന്നു. ആ വിഷയത്തില്‍ ദേശീയ ഏജന്‍സികളാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 'ദേശീയ ഏജന്‍സികള്‍ അന്വേഷിക്കുകയല്ലേ? അന്വേഷിക്കട്ടെ. എങ്ങനെ ബംഗളൂര്‍ എത്തിയെന്നും ആരാണ് അവരെ സഹായിച്ചതെന്നും വ്യക്തമാക്കട്ടെ. അന്വേഷണം നടക്കുകയല്ലേ?' മുഖ്യന്‍ പറഞ്ഞു.

'മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം വന്നപ്പോള്‍ ഓടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല' മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നവോത്ഥാന നായകന്‍ ഇന്ന് അധോലോക നായകനായെന്ന് പി ടി തോമസ് എം.എല്‍.എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പിണറായി ധൃതരാഷ്ട്രരെപ്പോലെ പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന് പി.ടി.തോമസ് എംഎല്‍എ ആരോപിച്ചു. സ്വപ്നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തോ?. സ്വര്‍ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുന്നു എന്നായിരുന്നു പി ടി തോമസ് ആരോപിച്ചത്.


Other News in this category4malayalees Recommends