കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് നിലവില്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും ആ പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രതിഫലിക്കുന്നത് രാഹുലിലൂടെ തന്നെയാണ്. പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നില്ലെങ്കിലും കിരീടമില്ലാത്ത രാജാവായി രാഹുല്‍ ഇപ്പോഴും നിലകൊള്ളുന്നു. അതുകൊണ്ട് തന്നെയാണ് ജെല്ലിക്കെട്ട് വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് രാഷ്ട്രീയ പ്രസക്തി കൈവരുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് തത്വത്തില്‍ ജെല്ലിക്കെട്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കാളയെ പൂട്ടുന്ന കായികവിനോദം വിലക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്ത ശേഷം 10 വര്‍ഷം പിന്നിടുമ്പോഴാണ് രാഹുല്‍ ഗാന്ധി തിരുത്തലുമായി രംഗത്തിറങ്ങുന്നത്. മധുരൈയില്‍ നടക്കുന്ന ജെല്ലിക്കെട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ നേരിട്ട് എത്തിയിരിക്കുകയാണ്.
പുതിയ കേന്ദ്ര കര്‍ഷക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ജെല്ലിക്കെട്ട് പ്രേമം! പൊങ്കല്‍ ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് കര്‍ഷകര്‍ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. പൊങ്കല്‍ ആഘോഷത്തിനും, മധുരൈയില്‍ ജെല്ലിക്കെട്ടിലും പങ്കെടുക്കാനാണ് വരുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
യുപിഎ സര്‍ക്കാര്‍ കാലത്ത് കാളയെ അഭ്യാസപ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കിയതോടെയാണ് ജെല്ലിക്കെട്ടിനും വിലക്ക് വീണത്. തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വന്തം നിയമം സൃഷ്ടിച്ചാണ് വിക്കിനെ നേരിട്ടത്. സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ 2011ല്‍ യുപിഎ സര്‍ക്കാര്‍ ജെല്ലിക്കെട്ടിനും വിലക്ക് ഏര്‍പ്പെടുത്തി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2011 ല്‍ പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം ഭേദഗതി വരുത്തി ജെല്ലിക്കെട്ടിനും, കാളയോട്ട മത്സരങ്ങളും തുടരാന്‍ വഴിയൊരുക്കി.
അപ്പോഴും ജെല്ലിക്കെട്ടിനെ വിലക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയാണ് തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റിയിരിക്കുന്നത്. വമ്പന്മാരില്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ദശകങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്നത്. ജയലളിതയും, കരുണാനിധിയും അരങ്ങൊഴിഞ്ഞ സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ അവതരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണാം.