വെസ്റ്റ് ലണ്ടനില്‍ ഒരു സ്യൂട്ട്കെയ്സില്‍ അടച്ചനിലയില്‍ സ്ത്രീയുടെ മൃതശരീരം കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ യൂറോപ്പ് മുഴുവന്‍ വലവീശി പോലീസ്. സൗത്താളിലാണ് 41കാരി ജൊവാന്ന ബൊറൂക്കയുടെ മൃതശരീരം കണ്ടെത്തുന്നത്.
50കാരനായ പെട്രാസ് സാലിനാസിനെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നത്. ഇയാള്‍ യുകെ വിട്ട് മുങ്ങിയിരിക്കാമെന്നാണ് ഡിറ്റക്ടീവ്സ് കരുതുന്നത്. നവംബര്‍ 13നാണ് പോളണ്ടില്‍ നിന്നുള്ള ബൊറൂക്കയെ ജീവനോടെ അവസാനമായി കാണുന്നത്. ഡിസംബര്‍ 18നാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച് ഒടുവില്‍ മൃതദേഹം കണ്ടെത്തുന്നത്.
എങ്ങിനെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെയാണ് ലിത്വാനിയയില്‍ നിന്നുള്ള സാലിനാസിനെയാണ് സംഭവത്തില്‍ തെരയുന്നതെന്ന് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചത്. ഇയാള്‍ ജര്‍മ്മനിയിലേക്ക് മുങ്ങിയെന്നാണ് നിലവിലെ വിവരം. യൂറോപ്പ് മുഴുവന്‍ തിരഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലാണ് അധികൃതര്‍.
വളരെ മാന്യമായി ഇടപെട്ടിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട ബൊറൂക്കയെന്ന് അയല്‍ക്കാര്‍ പറഞ്ഞു. രണ്ട് ആഴ്ചയോളം ചെറിയ ദുര്‍ഗന്ധം ഉയര്‍ന്നെങ്കിലും ഇത് രൂക്ഷമായപ്പോഴാണ് പ്രദേശത്തെ ഒരു പെയിന്റര്‍ കാര്യം തിരക്കിയത്. ഈ സമയത്താണ് സ്യൂട്ട്കെയ്സില്‍ ബൊറൂക്കയുടെ മൃതദേഹമാണ് കിടക്കുന്നതെന്ന് ആളുകള്‍ മനസ്സിലാക്കിയതും.