എന്‍എസ്ഡബ്ല്യൂവില്‍ നിലവിലും കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്ന് മുന്നറിയിപ്പേകി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രംഗത്തെത്തി. പ്രാദേശികമായി പകര്‍ന്ന കേസുകള്‍ രേഖപ്പെടുത്താത്ത രണ്ട് ദിവസത്തിന് ശേഷം ഇന്ന് പടിഞ്ഞാറന്‍ സിഡ്നിയില്‍ ഇന്ന് പുതിയൊരു കോവിഡ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ എന്‍എസ്ഡബ്ല്യൂവില്‍ 14,457 കൊറോണ വൈറസ് ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്.
ഇതില്‍ നിന്നാണ് വെസ്റ്റേണ്‍ സിഡ്നിയിലെ ഒരാള്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നതിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും ഇയാള്‍ക്ക് രോഗം പിടിപെട്ടത് ബെരാള ക്ലസ്റ്ററില്‍ നിന്നായിരിക്കാമെന്നുമാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്തിലെ ചാറ്റു യാപ പറയുന്നത്. നിലവില്‍ പ്രസ്തുത ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 29 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇപ്പോഴും വളരെ നേരിയ ലക്ഷണങ്ങളോ അല്ലെങ്കില്‍ തീരെ ലക്ഷണങ്ങളില്ലാതെയോ സമൂഹത്തില്‍ കോവിഡ് പടരുന്നുവെന്നത് ആശങ്കയേറ്റുന്നുവെന്നാണ് ചാറ്റു യാപ മുന്നറിയിപ്പേകുന്നത്.
ഇതിനാല്‍ ഓരോ കേസിന്റെയും ഉറവിടം കണ്ടെത്തേണ്ടത് സാമൂഹിക വ്യാപനത്തെ പിടിച്ച് കെട്ടുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്‍എസ്ഡബ്ല്യൂവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാരില്‍ 11 പുതിയ കോവിഡ് കേസുകളും ഏറ്റവും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദൈനംദിന കോവിഡ് കേസുകളില്‍ സ്ഥിരമായ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിക്ടോറിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അധികം വൈകുന്നതിന് മുമ്പാണ് അയല്‍ സ്റ്റേറ്റായ എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.