ബാലക്കോട്ട് ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന പുതിയ വാദവുമായി പാക്കിസ്ഥാന്. ടെലിവിഷന്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അവതാരകന് അര്‍ണബ് ഗോസ്വാമിയുടെ വാട്സ്ആപ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് പാക്കിസ്ഥാന് രംഗത്തുവന്നത്. സിആര്‍പിഎഫ് സൈനീകര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാന്‍ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ബാലക്കോട്ടിലുള്ള ഭീകരരുടെ ക്യാമ്പ് ലക്ഷ്യമിട്ട വ്യോമാക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് വാദിക്കുന്നത്. ഇത് ഇന്ത്യയിലെ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി നടത്തിയ ആക്രമണമാണെന്നും ആരോപിക്കുന്നു.
കശ്മീരിലെ പുല്‍വാമ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബാലാക്കോട്ടിലെ ക്യാമ്പ് ആക്രമിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയെ കുരിച്ച് അര്‍ണാബ് ഗോസ്വാമി അറിഞ്ഞിരുന്നുവെന്നാണ് വാട്സ്ആപ് ചാറ്റ് പറയുന്നത്. റേറ്റിങ് കമ്പനിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് ആന്‍ഡ് കൗണ്‍സിലിന്റെ പാര്‍ഥ ദാസ് ഗുപ്തയും ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണങ്ങള്‍ വലിയ വിവാദത്തിലേക്കാണ് പോകുന്നത്.
രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ചാറ്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ബാലക്കോട്ട് ആക്രമണം ബിജെപി സര്‍ക്കാരിന് ഗുണകരമാക്കിയെന്നും തെരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രമായിരുന്നു ഇതെന്നുമാണ് പാക് ആരോപണം. ഏതായാലും അര്‍ണാബ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.