2021 ലെ യുകെ സെന്‍സസ് നിര്‍ണ്ണായകം: കൗണ്‍സിലര്‍ ടോം ആദിത്യ

2021 ലെ യുകെ സെന്‍സസ് നിര്‍ണ്ണായകം: കൗണ്‍സിലര്‍  ടോം ആദിത്യ
2021 മാര്‍ച്ചില്‍ യുകെയില്‍ നടക്കാനിരിക്കുന്ന സെന്‍സസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒന്നാണെന്ന് കൗണ്‍സിലര്‍ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയില്‍ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയില്‍ താല്പര്യപൂര്‍വ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗര്‍ഷോം ടിവിയുടെ പ്രവാസവേദിയില്‍ സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.


ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിയും യുകെയിലെത്തിയ മലയാളികള്‍ ഈ രാജ്യത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഈ രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ യുകെ മലയാളികള്‍ ചെയ്യുന്ന സേവനം വളരെയേറെ പ്രശംസ നേടിയിട്ടുള്ളതുമാണ്. എന്നാല്‍ യുകെയിലെ മലയാളികളുടെ എണ്ണം എടുക്കുമ്പോള്‍ ഔദ്യോഗിക രേഖകളില്‍ അത് താഴ്ന്നു നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. യുകെ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാന്‍ മാര്‍ച്ചിലെ സെന്‍സസ് ഉപയോഗപ്പെടുത്തേണ്ടത് വളരെ ശ്രദ്ധാപൂര്‍വം പരിഗണിക്കണമെന്ന് അദ്ദേഹം യുകെ മലയാളികളോട് അഭ്യര്‍ത്ഥിച്ചു. ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിനും മലയാളഭാഷയുടെ ഉയര്‍ച്ചക്കും ഇത് ഉപകരിക്കുമെന്ന് ടോം ആദിത്യ അഭിപ്രായപ്പെട്ടു.


ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് മുന്‍ മേയറും, നിലവില്‍ സൗത്ത് ഗ്ലോസെസ്റ്റര്‍ഷെയര്‍ കൗണ്‍സില്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ്, ബ്രിസ്റ്റോള്‍ മള്‍ട്ടി ഫെയ്ത്ത് ഫോറം എന്നിവയുടെ ചെയര്‍മാനുമായ ടോം ആദിത്യ, പോലീസ് സ്ട്രാറ്റജിക് ബോര്‍ഡ്, ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഗവെര്‍ണന്‍സ് കോര്‍ട്ട്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക ചുമതലകളിലൂടെ സാമൂഹ്യരംഗത്ത് സജീവമാണ്. കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ ആരംഭ സമയങ്ങളില്‍ ബുദ്ധിമുട്ടിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ട് സഹായം എത്തിച്ചു കൊടുക്കുന്നതിനും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം ശക്തമായ നേതൃത്വം നല്‍കിയിരുന്നു. കൂടാതെ ലണ്ടന്‍ കൊച്ചി ഡയറക്റ്റ് ഫ്‌ലൈറ്റിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെന്‍സസിന്റെ കാര്യത്തിലും വളരെ പ്രശംസനീയമായ ഒരു ഇടപെടലാണ് അദ്ദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും അസോസിയേഷനുകളും ഈ യജ്ഞത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


2021 ലെ യുകെ സെന്‍സസില്‍ പങ്കെടുക്കുമ്പോള്‍ മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ടോം ആദിത്യയുമായുള്ള ഇന്റര്‍വ്യൂവിന്റെ ലിങ്ക് :

https://youtu.be/0AK2C1mLnUg

https://youtu.be/9zXz2GrokM


Other News in this category



4malayalees Recommends