വയോധികരായ ദമ്പതികളെ മകന് ഭക്ഷണം നല്‍കാതെ പൂട്ടിയിട്ടതോടെ അച്ഛന് മരിച്ചു. ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന് (80) മരിച്ചതെന്ന് സൂചന നല്കി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.
ഏറെ ദിവസം പൊടിയന് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതല്‍ രാസപരിശോധന നടത്തുന്നതിലൂടെ പൊടിയന് ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും വ്യക്തമാകും.
ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത് ചൊവ്വാഴ്ച രാത്രിയോടെയാണു പൊടിയന് മരിച്ചത്.
മകന് ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാനായി റെജി നായയെ കാവല്നില്ത്തിയിരുന്നു. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.