ടെക്കിയായ മകന്‍ സ്വത്തിനായി നിരന്തരം വഴക്ക് ; ഉപദ്രവം സഹിക്കാനാകാതെ മൂന്നു ലക്ഷത്തിന് മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍ ; സംഭവം ബംഗളൂരുവില്‍

ടെക്കിയായ മകന്‍ സ്വത്തിനായി നിരന്തരം വഴക്ക് ; ഉപദ്രവം സഹിക്കാനാകാതെ മൂന്നു ലക്ഷത്തിന് മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍ ; സംഭവം ബംഗളൂരുവില്‍
ബംഗളൂരുവില്‍ ടെക്കിയായ യുവാവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഉപേക്ഷിച്ച സംഭവത്തില്‍ പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പിതാവും സഹോദരന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബംഗളൂരു മല്ലേശ്വരം സ്വദേശിയും ഐടി ജീവനക്കാരനുമായ കൗശല്‍ പ്രസാദ് ആണ് കൊല്ലപ്പെട്ടത്.

കൗശലിന്റെ പിതാവ് ബിവി കേശവ(50) വാടക കൊലയാളി നവീന്‍ കുമാര്‍(19), കേശവ(19)എന്നിവരെ ആവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് ആവശ്യപ്പെട്ട് കൗശല്‍ പിതാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കേശവ പ്രസാദ് മകനെ കൊലപ്പെടുത്താന്‍ മൂന്നുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്.

കൃത്യമായ ആസൂത്രണത്തോടെയാണ് ബിവി കേശവയും കേശവും നവീന്‍കുമാറും ചേര്‍ന്ന് കൊലപാതകം നടത്തിയത്. കൗശലിന്റെ സഹോദരന്റെ സുഹൃത്താണ് നവീന്‍കുമാറും കേശവും. കൗശലിനെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും മൂന്ന് ലക്ഷത്തിന് ക്വട്ടേഷന്‍ ഉറപ്പിക്കുകയുമായിരുന്നു.

മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം നവീന്‍കുമാറും കേശവും ചേര്‍ന്ന് കൗശലിനെ ജനുവരി പത്താം തീയതിയാണ് മല്ലേശ്വരത്തുനിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് എലേമല്ലപ്പ തടാകത്തിന് സമീപത്തുവെച്ച് മദ്യപിച്ചു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി കൗശലിനെ ബോധരഹിതനാക്കി കഴുത്തറുത്ത് മരണം ഉറപ്പിക്കുകയായിരുന്നു. ഇതിനുശേഷം കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.

അതിനിടെ, കൗശലിനെ കാണാനില്ലെന്ന് പറഞ്ഞ് ജനുവരി 12ാം തീയതി കേശവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജനുവരി പത്താം തീയതി വീട്ടില്‍നിന്ന് പോയ മകന്‍ മടങ്ങിവന്നില്ലെന്നും അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതി. മൊബൈല്‍ ഫോണ്‍ സഹോദരനെ ഏല്‍പ്പിച്ചാണ് മകന്‍ പോയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കേശവയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എലേമല്ലപ്പ തടാകത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന ചില ചാക്കുകള്‍ കണ്ടെത്തിയത്.

പിന്നീട് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും കൊല്ലപ്പെട്ടത് കൗശല്‍ ദാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഐടി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സംഭവദിവസം മല്ലേശ്വരം 18 ക്രോസില്‍നിന്ന് കൗശല്‍ ഒരു കാറില്‍ കയറിപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഈ കാര്‍ എല്ലേമല്ലപ്പ തടാകത്തിന് സമീപത്തേക്കാണ് പോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നാലെ കാറുടമയായ നവീന്‍കുമാറിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Other News in this category4malayalees Recommends