മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പഠന കേന്ദ്രങ്ങളില്‍ 'കണിക്കൊന്ന'സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ന് നടത്തുന്നു; വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 10 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പഠന കേന്ദ്രങ്ങളില്‍ 'കണിക്കൊന്ന'സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ന് നടത്തുന്നു; വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 10 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക

പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാനായി, കേരള ഗവണ്‍മെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കീഴില്‍ പ്രവത്തിക്കുന്ന മുഴുവന്‍ പഠന കേന്ദ്രങ്ങളിലുമുള്ള കുട്ടികള്‍ക്ക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ 'കണിക്കൊന്ന'യുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം 2021 ഏപ്രില്‍ 10 ന് നടത്തുന്നു. എല്ലാ മേഖലകളിലെയും പഠന കേന്ദ്രങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പേരുകള്‍ അതാത് മേഖലകളിലെ കോര്‍ഡിനേറ്റര്‍മാര്‍ക്ക് 2021 ഫെബ്രുവരി 10 നകം നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ് .


കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കും പഠനോത്സവം സംഘടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ മേഖല കോര്‍ഡിനേറ്റര്‍മാര്‍ അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങളിലെ പ്രധാന അധ്യാപകരെ അറിയിക്കുന്നതാണ്.


മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍ , വിദഗ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ് എസ് , പ്രവര്‍ത്തക സമിതി കണ്‍വീനര്‍ ഇന്ദുലാല്‍ സോമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപം കൊടുക്കുന്ന പ്രത്യേക സമിതിയാണ് പഠനോത്സവത്തിന്റെ ചുമതല നിര്‍വ്വഹിക്കുന്നത്.


മലയാളം മിഷന്‍ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്‌സുകളുടെ പ്രാരംഭ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിര്‍ണയമാണ് പഠനോത്സവം ആയി 2021 ഏപ്രില്‍ 10ന് യുകെയിലെ പഠന കേന്ദ്രങ്ങളില്‍ നടത്തുന്നത് . ഡിപ്ലോമ കോഴ്സ്സായ 'സൂര്യകാന്തി', ഹയര്‍ ഡിപ്ലോമ കോഴ്‌സായ 'ആമ്പല്‍', സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തില്‍ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ക്ക് മലയാളം മിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ് .


പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയില്‍ 24 സംസ്ഥാനങ്ങളിലുമായി മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നു . ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷന്‍ ചാപ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.


'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. മലയാളം മിഷന്റെ ചെയര്‍മാന്‍ ബഹു മുഖ്യമന്ത്രിയും ഡെപ്യൂട്ടി ചെയര്‍മാന്‍ ബഹു സാംസ്‌കാരിക വകുപ്പ് മന്ത്രിയുമാണ്. പ്രൊഫ സുജ സൂസന്‍ ജോര്‍ജാണ് ഡയറക്ടര്‍. ശ്രീ എം സേതുമാധവന്‍ രജിസ്ട്രാര്‍ ആയും ഡോ എം റ്റി ശശി പ്രധാന അദ്ധ്യാപക പരിശീലകന്‍ ആയും സേവനം അനുഷ്ഠിക്കുന്നു.


യു കെ യിലെ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 2017 സെപ്തംബര്‍ 22 ന് ലണ്ടനില്‍ വെച്ചു ബഹു സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ കീഴില്‍ ഭൂപ്രകൃതി അനുസരിച്ച് തിരിച്ച ആറു മേഖലകളിലായി, 43 സ്‌ക്കൂളുകളും, 109 അദ്ധ്യാപകരും, 625 പഠിതാക്കളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . കൂടാതെ ഓണ്‍ലൈനില്‍ നൂറോളം മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ അധ്യാപകര്‍ക്ക്, മലയാളം മിഷന്റെ പ്രധാന അധ്യാപക പരിശീലകനായ ഡോ എം ടി ശശിയുടേയും മലയാളം മിഷന്‍ റെജിസ്ട്രാര്‍ ശ്രീ എം സേതുമാധന്റെയും നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ പ്രാഥമിക പരിശീലനവും നല്‍കുകയുണ്ടായി.


ശ്രീ സി. എ ജോസഫ് പ്രസിഡണ്ടും ശ്രീ ഏബ്രഹാം കുര്യന്‍ സെക്രട്ടറിയുമായുള്ള മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ മിഡ്‌ലാന്‍ഡ്‌സ് മേഖലാ കോര്‍ഡിനേറ്റര്‍ ശ്രീ ആഷിക് മുഹമ്മദ് നാസര്‍, നോര്‍ത്ത് മേഖലാ കോര്‍ഡിനേറ്റര്‍ ശ്രീ ജനേഷ് സി എന്‍, സൗത്ത് ഈസ്റ്റ് മേഖലാ കോര്‍ഡിനേറ്റര്‍ ശ്രീ ബേസില്‍ ജോണ്‍ എന്നിവരുടെ മുഖ്യ ചുമതലയില്‍ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ഭാഷാ പ്രചാരണത്തിനായുള്ള ശതദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവ് വിജയകരമായി പുരോഗമിക്കുന്നു. അതോടൊപ്പം മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ ചിരകാല അഭിലാഷമായ പഠനോത്സവം ഏപ്രില്‍ 10ന് യാദാര്‍ത്ഥ്യം ആകുവാനും പോകുന്നു.

മലയാളം മിഷന്‍ യു കെ ചാപ്റ്ററിലെ പരമാവധി പഠിതാക്കളെ ആദ്യഘട്ടത്തില്‍ 'കണിക്കൊന്ന' മൂല്യ നിര്‍ണ്ണയമായ പഠനോത്സവത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പ്രവര്‍ത്തക സമിതി ആഗ്രഹിക്കുന്നത് .


രണ്ടു തരത്തില്‍ പഠിതാക്കള്‍ക്ക് കണിക്കൊന്ന പഠനോത്സവത്തില്‍ പങ്കെടുക്കാം. കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും പഠന കേന്ദ്രങ്ങളിലെ കൃത്യമായ പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും, ലാറ്ററല്‍ എന്‍ട്രിയിലൂടെ, മേഖലാ കോര്‍ഡിനേറ്ററുടേയും ചാപ്റ്റര്‍ സെക്രട്ടറിയുടെയും, പഠിതാവ് പഠന നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, നേരിട്ടും പഠനോത്സവത്തില്‍ പങ്കെടുക്കാം. ഭാഷാപരമായ നിലവാരം, പഠന നേട്ടങ്ങള്‍ എന്നിവ ആര്‍ജിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമെ മേഖലാ കോര്‍ഡിനേറ്ററും ചാപ്റ്റര്‍ സെക്രട്ടറിയും ലാറ്ററലായി പ്രവേശനോത്സവത്തിന് മലയാളം മിഷനിലേക്ക് ശുപാര്‍ശ ചെയ്യുകയുള്ളു. സ്റ്റഡി സെന്ററിലെ കൃത്യമായ പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നിലവാരത്തില്‍ എത്തി എന്നു കരുതുന്ന കുട്ടികളുടെ ലിസ്റ്റ് മലയാളം മിഷനിലെ റെജിസ്‌ട്രേഷന്‍ നമ്പര്‍, മുഴുവന്‍ പേര് (ഇംഗ്ലിഷിലും മലയാളത്തിലും) സ്റ്റഡി സെന്ററിലെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്ക് (പരമാവധി 40% ) എന്നിവ സഹിതം മേഖലാ കോര്‍ഡിനേറ്റര്‍മാരെ അറിയിക്കുകയും മേഖലാ കോര്‍ഡിനേറ്റര്‍മാര്‍ ചാപ്റ്റര്‍ സെക്രട്ടറിയെയും, ചാപ്റ്റര്‍ സെക്രട്ടറി മലയാളം മിഷനെയും അറിയിക്കുന്നതുയിരിക്കും. ബാക്കി 60% മൂന്നു മണിക്കൂര്‍ കൊണ്ട് ഓണ്‍ലൈനിലൂടെ നടത്തുന്ന ആറ് പഠനോത്സവ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുന്നതാണ് .


ജാതി മത വര്‍ഗ്ഗ രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്‌കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും, യുകെ ചാപ്റ്ററിലെ എല്ലാ പഠന കേന്ദ്രങ്ങളിലെയും കുട്ടികള്‍ പങ്കെടുത്തു 'കണിക്കൊന്ന' പഠനോത്സവം വിജയിപ്പിക്കണമെന്നും, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിക്ക് വേണ്ടി പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ് എസ്, പ്രവര്‍ത്തക സമിതി കണ്‍വീനര്‍ ഇന്ദുലാല്‍ സോമന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


'കണിക്കൊന്ന'പഠനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ 2021 ഫെബ്രുവരി 10 ന് മുന്‍പായി നടത്തേണ്ടതാണ് . രജിസ്‌ട്രേഷന്‍ നടത്തുന്നതിനുവേണ്ടി താഴെ പറയുന്ന മേഖലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ് .


1. ബേസില്‍ ജോണ്‍ (സൗത്ത് മേഖല കോര്‍ഡിനേറ്റര്‍ 07710021788)

2. ആഷിക് മുഹമ്മദ് നാസര്‍ (മിഡ്‌ലാന്‍ഡ്‌സ് മേഖല കോര്‍ഡിനേറ്റര്‍ 07415984534 )

3. ജനേഷ് നായര്‍ (നോര്‍ത്ത് മേഖല കോര്‍ഡിനേറ്റര്‍ 07960432577 )

4. രഞ്ജു പിള്ള (സ്‌കോട്ട്‌ലന്‍ഡ് മേഖല കോര്‍ഡിനേറ്റര്‍ 07727192181)

5. ജിമ്മി ജോസഫ് (യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ മേഖല കോഡിനേറ്റര്‍ 07869400005 )

6. എസ് എസ് ജയപ്രകാശ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മേഖല കോഓര്‍ഡിനേറ്റര്‍07702686022)


പൊതുവായ അന്വേഷണങ്ങള്‍ക്ക് യുകെ ചാപ്റ്റര്‍ സെക്രട്ടറി ഏബ്രഹാം കുര്യനെ (07882 791150) മൊബൈല്‍ നമ്പറിലും താഴെ കൊടുത്തിരിക്കുന്ന ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.


malayalammissionukchapter@gmail.com


മലയാളം മിഷന്‍ യുകെ ചാപ്റ്ററിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തക സമിതിയുടെ ശുപാര്‍ശയില്‍, 3 വനിതകളെ കൂടി മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് നിയമിച്ചു. കെന്റിലെ ചിസ്സല്‍ഹസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മാര്‍ക്ക് മിഷന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക വിനീത എം ചുങ്കത്ത് , സമീഷ എക്‌സിറ്റര്‍ പഠന കേന്ദ്രത്തിലെ അധ്യാപിക രാജി ഷാജി, ലണ്ടന്‍ ഡെറി ഹരിശ്രീ പഠന കേന്ദ്രത്തിലെ അധ്യാപിക ദീപ സുലോചന എന്നിവരെയാണ് പ്രവര്‍ത്തക സമിതിയില്‍ നിയമിച്ചത് . ഇവര്‍ ഉള്‍പെടെ ഇപ്പോള്‍ 19 അംഗ പ്രവര്‍ത്തക സമിതി ആണ് യുകെ ചാപ്റ്ററിന് ഉള്ളത് . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നതായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ട് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും അറിയിച്ചു.




Other News in this category



4malayalees Recommends