ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരു വീഡിയോ വൈറലാകുകയാണ്. മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയ വിദേശ സഞ്ചാരികള്‍ക്ക് പൊലീസ് നല്കിയ ശിക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ചായിരുന്നു ശിക്ഷ. മാസ്ക് ധരിക്കാത്തവര്‍ക്ക് അമ്പത് പുഷ് അപ്പ്. ശരിയായ രീതിയില്‍ ധരിക്കാത്തവര്‍ക്ക് പതിനഞ്ച് പുഷ് അപ്പ് എന്നിങ്ങനെയായിരുന്നു ശിക്ഷ.
ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കടുത്ത ചൂടില്‍ പൊതുനിരത്തില്‍ പുഷ് അപ്പ് ചെയ്യുന്ന ആളുകളാണ് ദൃശ്യങ്ങളില്‍. ഇവര്‍ക്ക് ചുറ്റും പൊലീസുകാരുടെ ഒരു പട തന്നെയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാലിയില്‍ അധികൃതര്‍ പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പലപ്പോഴും ടൂറിസ്റ്റുകള്‍ ഈ നിര്‍ദേശം പാലിക്കാറില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പൊലീസ് പിടികൂടുന്നവര്‍ക്ക് ഏതാണ്ട് അഞ്ഞൂറ് രൂപയാണ് ഇവിടെ പിഴ. കാശ് നല്കാനില്ലാത്തവരോടാണ് പുഷ് അപ്പ് എടുക്കാന്‍ ആവശ്യപ്പെടുന്നത്. ' മാസ്ക് ഇല്ലാത്തവരോട് 50 പുഷ് അപ്പ് വരെ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ശരിയായ രീതിയില്‍ ധരിക്കാത്തവരോട് 15 ഉം എന്നാണ് സുരക്ഷ ഉദ്യോഗസ്ഥന് ഗസ്തി അഗങ് കെതുത് സൂര്യനെഗര അറിയിച്ചത്. മാസ്ക് ധരിക്കാത്തതിന് പിടികൂടുമ്പോള്‍ നിര്‍ദേശങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പലരും പറയുന്നത്. മറ്റു ചിലര്‍ മറന്നു പോയെന്നും ചിലര്‍ ചീത്തയായിപ്പോയെന്നുമൊക്കെ ന്യായങ്ങള്‍ നിരത്തുമെന്നും ഉദ്യോഗസ്ഥന് പറയുന്നു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടു കടത്തുമെന്നും ബാലി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും ഇത്തരത്തില്‍ നാടുകടത്തിയതായി റിപ്പോര്‍ട്ടുകളില്ല.