കേക്കിന്റെ മുകളില്‍ കംഗാരുവിന്റെ രൂപം കണ്ടതോടെ രഹാനെ കേക്കു മുറിക്കാന്‍ തയ്യാറായില്ല ; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കേക്കിന്റെ മുകളില്‍ കംഗാരുവിന്റെ രൂപം കണ്ടതോടെ രഹാനെ കേക്കു മുറിക്കാന്‍ തയ്യാറായില്ല ; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഓസീസ് മണ്ണില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയകിരീടം ചൂടി തിരിച്ചെത്തിയ ടീം നായകന്‍ അജിങ്ക്യ രഹാനെയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. കിരീട നേട്ടത്തിനു ശേഷം നാട്ടിലെത്തിയ താരത്തിന്‍ ഉഗ്രന്‍ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്. എന്നാല്‍ സ്വീകരണത്തിനിടെ താരം സ്വീകരിച്ച നിലപാടിനാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ കൈയ്യടിക്കുന്നത്. രഹാനെ നാട്ടിലെത്തിയപ്പോള്‍ ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പൂച്ചെണ്ടുകള്‍ നല്‍കി ആരാധകരും അയല്‍ക്കാരും ക്യാപ്റ്റന്‍ രഹാനെയെ വരവേറ്റു.


മുംബൈയിലെ വീട്ടിലേക്കു താരമെത്തിയപ്പോള്‍ ഗംഭീര സ്വീകരണമാണ് അയല്‍ക്കാര്‍ ഒരുക്കിയത്. എന്നാല്‍ അയല്‍ക്കാര്‍ കൊണ്ടുവന്ന കേക്ക് മുറിക്കാനൊരുങ്ങിയ താരം പിന്‍വാങ്ങുകയായിരുന്നു. കേക്കിന് മുകളില്‍ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണത്രേ രഹാനെ കേക്ക് കട്ട് ചെയ്യാന്‍ വിസമ്മതിച്ചത്. കത്തിയെടുത്ത് കേക്കിന്റെ മുകളില്‍വച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ താരം പിന്‍വാങ്ങുകയായിരുന്നു.

ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാണ് ഉയര്‍ത്തിയത്. ഓസീസ് ക്രിക്കറ്റ് ടീമിനെ വിശേഷിപ്പിക്കുന്ന് തന്നെ കംഗാരുക്കള്‍ എന്നാണ്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇതിനാലാണ് കേക്ക് കട്ട് ചെയ്യാന്‍ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം. എന്തായാലും ഓസ്‌ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നത്.

പരമ്പര പിടിച്ചെടുത്ത് അജിങ്ക്യ രഹാനെ തന്റെ നായകത്വ മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളില്‍ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടി. നൂറാം മത്സരം കളിച്ച ഓസീസ് താരം നേഥന്‍ ലയണ് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയ വിട്ടത്.

Other News in this category



4malayalees Recommends