ഓണ്‍ലൈന്‍ ലോകത്ത് പലവിധ ചലഞ്ചുകളും അരങ്ങേറാറുണ്ട്. ഇതില്‍ ചിലത് ആവശ്യമുള്ളതും, മറ്റ് ചിലത് അനാവശ്യവുമാകും. ടിക് ടോകില്‍ ഈയിടെ ആരംഭിച്ചിട്ടുള്ള ബ്ലാക്ക്ഔട്ട് ചലഞ്ച് ഇത്തരത്തില്‍ ഒന്നാണ്. ഈ ചലഞ്ചിന് ശ്രമിച്ച പത്ത് വയസ്സുള്ള ഇറ്റാലിയന്‍ പെണ്‍കുട്ടിയാണ് അബദ്ധത്തില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.
സ്വയം ശ്വാസം മുട്ടിച്ച് ചലഞ്ച് ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെ കുട്ടിക്ക് മസ്തിഷ്ക ആഘാതം സംഭവിച്ചതായി പലേര്‍മോയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തെങ്കിലും കാര്ഡാക് അറസ്റ്റ് നേരിട്ട നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നതിനാല് ജീവന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
കുട്ടിയുടെ മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ അനുവാദം നല്‍കിയതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി എഎന്‍എസ്എ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മുതലാണ് ബ്ലാക്ക്ഔട്ട് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തില്‍ വന്നത്. ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗില്‍ വന്നിട്ടുള്ള ചലഞ്ച് കൂടിയാണിത്.
ബോധംകെടല് ഗെയിം എന്നുകൂടി അറിയപ്പെടുന്ന ചലഞ്ചില്‍ ഏതാനും നിമിഷത്തേക്ക് സ്വയം ബോധംകെടുന്നതാണ് വെല്ലുവിളി. സമാനമായ രീതിയില്‍ ബ്ലൂവെയില്‍ ചലഞ്ച് പോലുള്ളവ അപകടകരമായ ട്രെന്‍ഡായി മാറിയപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മരണങ്ങള് സംഭവിക്കുകയും പോലീസ് ഇടപെടല്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
ബോധംകെടുന്നതും, സ്വയം മുറിവേല്‍പ്പിക്കുന്നതും, ഒടുവില്‍ മരിക്കുന്നതുമായ വെല്ലുവിളികളാണ് ഈ ചലഞ്ചിന്റെ ഭാഗമായി ഓണ്‍ലൈനില്‍ നടക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.