ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവച്ചത് അഞ്ചു വര്‍ഷത്തോളം ; ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മക്കളേയും കാണാനില്ല ; വേദനയോടെ ദമ്പതികള്‍

ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവച്ചത് അഞ്ചു വര്‍ഷത്തോളം ; ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മക്കളേയും കാണാനില്ല ; വേദനയോടെ ദമ്പതികള്‍
ചെയ്യാത്ത തെറ്റിന്റെ പേരിലാണ് നരേന്ദ്ര സിംഗിനും ഭാര്യ നജ്മയ്ക്കും തടവില്‍ കഴിയേണ്ടി വന്നത്. ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞ് കോടതി മോചന ഉത്തരവിടുമ്പോഴേക്കും നീണ്ട അഞ്ചുവര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദമ്പതികളെ കാത്തിരുന്നത് മറ്റൊരു ദുഃഖമാണ്. റിലീസായെത്തിയ ദിവസം മുതല്‍ തന്നെ ഇവര്‍ സ്വന്തം മക്കളെ തേടുകയാണ്. എന്നാല്‍ രണ്ടുപേരെയും കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

മാതാപിതാക്കള്‍ ജയിലിലായ സമയത്ത് അന്ന് അഞ്ചുവയസുണ്ടായിരുന്ന മകനെയും മൂന്ന് വയസുകാരിയായിരുന്ന മകളെയും ഏതോ അനാഥാലയത്തിലേക്ക് അയച്ചു എന്ന വിവരം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. അത് എവിടെയാണെന്നോ കുട്ടികള്‍ ഇപ്പോള്‍ എങ്ങനെ കഴിയുന്നു എന്നടക്കം മറ്റൊരു വിവരവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. തകര്‍ന്നു പോയ ദമ്പതികള്‍ മക്കളെ കണ്ടെത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണ്. അനാഥരെപ്പോലെ ജീവിക്കാന്‍ മാത്രം ഞങ്ങളുടെ മക്കള്‍ എന്തു തെറ്റു ചെയ്തു എന്നാണ് നെഞ്ചു തകര്‍ന്ന് നരേന്ദ്ര സിംഗ് ചോദിക്കുന്നത്. 'കൊലപാതക കേസില്‍ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ മകന്‍ അജീതും മകള്‍ അഞ്ജുവും വളരെ ചെറിയ കുട്ടികളായിരുന്നു' അധ്യാപകനായി ജോലി ചെയ്തിരുന്ന സിംഗ് പറയുന്നു.'അറസ്റ്റിനു ശേഷം മക്കളെ ഞങ്ങള്‍ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല' കരഞ്ഞു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്പി ബബ്ലു കുമാറിന് കത്തു നല്‍കിയിരിക്കുകയാണ് നജ്മ. 2015ലാണ് ഒരു അഞ്ചുവയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗ്ര സ്വദേശികളായ നരേന്ദ്ര സിംഗ് (45) ഭാര്യ നജ്മ (30) എന്നിവര്‍ അറസ്റ്റിലാകുന്നത്. അതേവര്‍ഷം തന്നെ ഇവര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇവരുടെ നിരപരാധിത്വം പുറത്തുവരുന്നത്.

കേസില്‍ ദമ്പതികളെ മോചിപ്പിച്ച അഡീഷണല്‍ സെഷന്‍സ് കോടതി പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. 'കുറ്റവാളികള്‍ സ്വതന്ത്ര്യരായി നടക്കുമ്പോള്‍ നിരപരാധികള്‍ക്ക് അഞ്ചുവര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്' എന്നായിരുന്നു കോടതി അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച കോടതി, കേസ് വീണ്ടും അന്വേഷിച്ച് യഥാര്‍ത്ഥ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ജനരോഷം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും വസ്തുതകള്‍ പരിശോധിക്കാതെ തിടുക്കത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും പൊലീസ് തന്നെ കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് ദമ്പതികളുടെ അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചത്.

Other News in this category4malayalees Recommends