വയനാട് മേപ്പാടിയില്‍ റിസോട്ടിലെ ടെന്റില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്. വനാതിര്‍ത്തിയില്‍ നിന്ന് 10 മീറ്റര്‍ അകലം പോലും റിസോര്‍ട്ടിലേക്കില്ല. വന്യമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ഹോം സ്റ്റേ നടത്താന്‍ സര്‍ക്കാറിന്റെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ടെന്റ് നിര്‍മിക്കാന്‍ പ്രത്യേക അനുമതി വേണ്ട. യുവതി ശുചി മുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭയന്ന് വീണപ്പോള്‍ ആന കൊലപ്പെടുത്തിയെന്നും ഉടമ പറയുന്നു. പഞ്ചായത്ത് അധികൃതര്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കുമെന്നാണ് വിവരം.
മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചാണ് വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷഹാന (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.