ചര്‍മ്മത്തില്‍ തൊടാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി

ചര്‍മ്മത്തില്‍ തൊടാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി
വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ഐപിസി 354യുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്‌സോ ആക്ട് പ്രകാരം 'ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവില്‍ വ്യക്തമാക്കി. ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തു വന്നത്.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചു വരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്‌സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന്‍ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമത്തില്‍പ്പെടുമോ എന്ന് ആരോപണവിധേയന്‍ കോടതിയില്‍ ചോദ്യമുന്നയിച്ചു. തുടര്‍ന്നാണ് പോക്‌സോ സെക്ഷന്‍ 7ല്‍ കോടതി വിശദീകരണം നല്‍കിയത്. സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനില്‍ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 35 വര്‍ഷം വരെയാണ് തടവുശിക്ഷ. ഐപിസി 35 പ്രകാരമുള്ള കേസിന് ഒരു വര്‍ഷം വരെയാണ് ജയില്‍ തടവ്.

ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവയില്‍ സ്പര്‍ശിക്കുകയോ അല്ലെങ്കില്‍ മറ്റൊരാളുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ പോക്‌സോ പ്രകാരം ലൈംഗിക പീഡനമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ലൈംഗികോദ്ദേശ്യത്തോടെ ശരീരം പരസ്പരം ചേര്‍ന്ന് നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ശരീരം പരസ്പരം ചേരുക എന്നാല്‍ അതിനര്‍ത്ഥം ചര്‍മ്മം ചര്‍മ്മത്തോടു ചേരുക എന്നതാണെന്നും അല്ലെങ്കില്‍ ശരീരഭാഗത്തില്‍ നേരിട്ടു കടന്നുപിടിക്കുക എന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.


Other News in this category4malayalees Recommends