അമ്പയറോട് ഇടപെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കളി നിര്‍ത്തി പോകാന്‍ പറഞ്ഞു'; വംശീയ അധിക്ഷേത്തെ കുറിച്ച് വെളിപ്പെടുത്തി രഹാനെ

അമ്പയറോട് ഇടപെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കളി നിര്‍ത്തി പോകാന്‍ പറഞ്ഞു'; വംശീയ അധിക്ഷേത്തെ കുറിച്ച് വെളിപ്പെടുത്തി രഹാനെ
ഇന്ത്യയുടെ ഓസീസ് പര്യടനം ഏറെ സംഭവ ബഹുലമായിരുന്നു. പരിക്ക് ഏറെ അലട്ടിയ ഇന്ത്യയ്ക്ക് അതിന് പുറമേ കാണികളുടെ വംശീയ അധിക്ഷേപങ്ങളും ഓസീസ് താരങ്ങളുടെ സ്ലെഡ്ജിംഗും ഏറെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ കാണികളുടെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അപ്പോല്‍ നായകനായിരുന്ന അജിങ്ക്യ രഹാനെ.

'സിഡ്‌നിയിലെ സംഭവങ്ങള്‍ അങ്ങേയറ്റം സങ്കടകരമായിരുന്നു. സിറാജടക്കമുള്ള താരങ്ങള്‍ക്ക് നേരെ ഉണ്ടായ അധിക്ഷേപങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഞങ്ങളുടെ നിലപാട് കൃത്യമായിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ കളി നിര്‍ത്തി നിങ്ങള്‍ക്ക് വേണമെങ്കില്‍ മൈതാനം വിടാമെന്നായിരുന്നു അമ്പയറുടെ നിലപാട്'.

'എന്നാല്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാനാണ് ഇവിടെ എത്തിയത് എന്നും അതിനാല്‍ ഗ്രൗണ്ടില്‍ നിന്ന് പോകില്ലെന്നും ഞാന്‍ പറഞ്ഞു. താരങ്ങളെ നിങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ മോശമായി പെരുമാറിയ കാണികളെ പുറത്താക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ഞാന്‍ അമ്പയര്‍മാരോട് വ്യക്തമാക്കി. ഞങ്ങള്‍ എങ്ങോട്ടും പോകില്ല. അവരെ പുറത്താക്കി കളി തുടരുകയാണ് വേണ്ടത്. മത്സരത്തിന്റെ ആവേശം നഷ്ടപ്പെടരുത് എന്ന് അഗ്രഹിക്കുന്നതായും അവരോട് ഞാന്‍ വ്യക്തമാക്കി' രഹാനെ പറഞ്ഞു.

സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. മൂന്നാം ദിനത്തിലും നാലാം ദിനത്തിലും ഇന്ത്യന്‍ താരങ്ങളെ അപമാനിക്കാനുള്ള ശ്രമം താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. തുടര്‍ന്ന് പ്രശ്‌നക്കാരായ ആറോളം കാണികളെ പുറത്താക്കിയാണ് മത്സരം തുടര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പ് ചോദിച്ചിരുന്നു.

Other News in this category



4malayalees Recommends