ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന് ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് ആവര്‍ത്തിച്ച് കര്‍ഷക നേതാക്കള്‍. കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞത്. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് മതപരമായ നിറം നല്‍കുന്നത് അപലപനീയമാണ്. നമ്മുടെ പ്രതിഷേധം കര്‍ഷകരുടെ മാത്രം ഒരു ബഹുജന പ്രസ്ഥാനമാണ്, അത് മതപരമല്ല. ദീപ് സിദ്ദു ചെയ്തുകൂട്ടിയ കാര്യങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു, അയാള്‍ സര്‍ക്കാറിന്റെ ഏജന്റ് ആണെന്ന് ഞങ്ങള്‍ കരുതുന്നു. പല തവണ അയാള്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ട്,' ഗുര്‍നം സിംഗ് പറഞ്ഞു.ചെങ്കോട്ടയിലേക്ക് പോകാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ദീപ് സിദ്ദു രംഗത്തെത്തി. കര്‍ഷക സമരത്തെ സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം അട്ടിമറിച്ചുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ബിജെപി അനുഭാവി കൂടിയായ സിദ്ദുവിന്റെ വിശദീകരണം.
'ഇത്തരം പ്രക്ഷോഭങ്ങളും സമരങ്ങളും ഉണ്ടാകുമ്പോള്‍ വ്യക്തികളുടെ അവകാശങ്ങളെ ഒരിക്കലും പരിഗണിക്കാറില്ല. അതിനാല്‍ ജനങ്ങള്‍ക്കുള്ളില്‍ വിദ്വേഷവും, വിഷമവും ഉണ്ടാവും. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിലാണ് ഉള്ളിലെ വിദ്വേഷവും, അമര്‍ഷവും പുറത്തുവരുന്നത്. അതിനാല്‍ ഇന്ന് രാജ്യത്ത് നടന്ന സംഭവത്തില്‍ ഒരു വ്യക്തിയെയോ, സംഘടനയെയോ മാത്രം കുറ്റപ്പെടുത്താനാവില്ല. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ നിന്ന് ബാരിക്കേറ്റുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയില്‍ ഞങ്ങള്‍ ഈ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധാര്‍ഹം പതാക ഉയര്‍ത്തി. അതിന് പിന്നിലാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരിക്കുന്നത്. ഞങ്ങള്‍ കൊടി ഉയര്‍ത്തിയ പോസ്റ്റില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കൊടി ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഉദാഹരണമാണെന്നാണ് ദീപ് സിദ്ദുവിന്റെ വിശദീകരണം.
അതിനിടെ തെളിവുകള്‍ പുറത്തുവിട്ട് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്തെത്തി. ഇയാളുടെ ബിജെപി ബന്ധം സംബന്ധിച്ച വിവരിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് വൈറലായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ് പുറത്തുവിട്ടിരിക്കുന്നത്.
ബിജെപിയുമായി അടുത്ത ബന്ധമുള്ള പഞ്ചാബി നടന് ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നേരത്തെ കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ ചെങ്കോട്ടയിലെ സമരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഖലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ സിദ്ദു സ്വീകരിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.