ബുര്‍ഖ ധരിച്ച് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി ആചാരങ്ങളുടെ ഭാഗമായി ; തെലങ്കാനയിലെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മഹത്വം വിളിച്ചോതുന്നത്

ബുര്‍ഖ ധരിച്ച് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം നടത്തി ആചാരങ്ങളുടെ ഭാഗമായി ; തെലങ്കാനയിലെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മഹത്വം വിളിച്ചോതുന്നത്
തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള ഈ ദൃശ്യം മതസൗഹാര്‍ദ്ദത്തിന്റെ ഉദാഹരണമായി മാറുകയാണ്. ഇവിടെ സിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഇന്ത്യയുടെ മതേതരത്വത്തിന് മാതൃകയായ കാഴ്ച. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള 'കൊടെ മൊക്കു'എന്ന ആചാരം നിര്‍വഹിക്കാന്‍ ഒരു മുസ്ലീം സ്ത്രീക്ക് അനുമതി നല്‍കി. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്രപരിസരത്തിനുള്ളില്‍ തന്നെയാണ് ഈ ആചാരം നടക്കുന്നത്. മന്ദാനി സ്വദേശിയായ അപ്‌സാര്‍ എന്ന സ്ത്രീക്കാണ് ക്ഷേത്രം അധികാരികള്‍ ഈ പ്രത്യേക ആചാരം നിര്‍വഹിക്കാന്‍ അനുമതി നല്‍കിയത്. ക്ഷേത്ര ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു മുസ്ലീം സ്ത്രീയ്ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ആചാരം നടത്താന്‍ അനുവാദം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുസ്ലീങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെങ്കിലും ഇതുപോലെ ചടങ്ങുകള്‍ ഇതുവരെ നടത്തിയിട്ടില്ല എന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്‌സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. സാധാരണയായി ആഗ്രഹസാധ്യത്തിനായാണ് വിശ്വാസികള്‍ 'കൊടെ മൊക്കു' നേരുന്നതെന്നാണ് വിശ്വാസികള്‍ പറയുന്നത്. അപ്‌സാറിന്റെ ഏതോ ആഗ്രഹം അത്തരത്തില്‍ നേര്‍ന്ന് സഫലമായതു കൊണ്ടാകാം അവര്‍ ഈ ആചാര പൂര്‍ത്തീകരണത്തിനെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു. മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ സമീപത്തായി ഒരു ദര്‍ഗയും സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ഭഗവാന്‍ പരമശിവനെയും രാജരാജേശ്വരി ദേവിയെയും ദര്‍ശനം നടത്തിയ ശേഷം ദര്‍ഗയിലും സന്ദര്‍ശനം നടത്തി മടങ്ങാറാണ് പതിവ്.

Other News in this category4malayalees Recommends