ട്വിറ്ററിന് ബദലായി ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്നു പ്രചാരണം നല്‍കുന്ന 'കൂ' സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കര്‍

ട്വിറ്ററിന് ബദലായി ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്നു പ്രചാരണം നല്‍കുന്ന 'കൂ' സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കര്‍
ട്വിറ്ററിന് ബദലായി ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആന്‍ഡേഴ്‌സണ്‍. കൂ ആപ്പില്‍ മുപ്പത് മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ചോര്‍ത്തുന്നുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം കുറിപ്പിട്ടു.

ഇമെയില്‍ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂ ചോര്‍ത്തുന്നത് എന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. കമ്പനിയുടെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്ന വ്യാജപേരില്‍ അറിയപ്പെടുന്ന ഹാക്കര്‍ നേരത്തെ ആധാര്‍ കാര്‍ഡിന്റെയും ആരോഗ്യ സേതു ആപ്ലിക്കേഷന്റെയും സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ട്വിറ്ററിന് ബദലായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരും കൂടിയാണ് കൂ വിന് പ്രചാരണം നല്‍കിയത്. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കൂ വില്‍ അക്കൗണ്ട് തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററുമായി കൂ വഴിയാണ് കേന്ദ്ര ടെക്‌നോളജി മന്ത്രാലയം സംവദിച്ചിരുന്നത്.

അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവര്‍ സ്ഥാപിച്ച ബോംബിനെറ്റ് ടെക്‌നോളജീസാണ് കൂവിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവെയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയര്‍ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും. ഐഒഎസിലും ആന്‍ഡ്രോയിഡിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. 400 വാക്കുകളാണ് ഒരു പോസ്റ്റിന്റെ പരിധി. ഒരു മിനിറ്റ് ഷോര്‍ട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാം.

Other News in this category



4malayalees Recommends