യുഎസിലെ തോക്ക് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ച് ബൈഡന്‍; തോക്കുകള്‍ വില്‍ക്കും മുമ്പ് പശ്ചാത്തല പരിശോധനകള്‍ വേണം; അപകടകാരികളായ ആയുധങ്ങള്‍ നിരോധിക്കണം; ലക്ഷ്യം രാജ്യത്തെ തോക്ക് ആക്രമണങ്ങള്‍ക്ക് അറുതി വരുത്തല്‍

യുഎസിലെ തോക്ക് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ച് ബൈഡന്‍; തോക്കുകള്‍ വില്‍ക്കും മുമ്പ് പശ്ചാത്തല പരിശോധനകള്‍ വേണം; അപകടകാരികളായ ആയുധങ്ങള്‍ നിരോധിക്കണം; ലക്ഷ്യം രാജ്യത്തെ തോക്ക് ആക്രമണങ്ങള്‍ക്ക് അറുതി വരുത്തല്‍
യുഎസിലെ കോമണ്‍സെന്‍സ് ഗണ്‍ ലോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. തോക്കുകള്‍ വില്‍ക്കുന്നതിന് മുമ്പ് വ്യാപകമായ പശ്ചാത്തല പരിശോധനകള്‍ നടത്തല്‍, അപകടകാരികളായ ആയുധങ്ങള്‍ നിരോധിക്കല്‍,തുടങ്ങിയവയടക്കമുളള പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ക്ക് ലാന്‍ഡ് സ്‌കൂളിലെ വെടിവയ്പിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ചാണ് ബൈഡന്‍ ഈ നിര്‍ണായക ആവശ്യം മുന്നോട്ട് വച്ച് രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

അപകടകരങ്ങളായ ആയുധങ്ങള്‍ സാധാരണക്കാരിലേക്കെത്തി രാജ്യത്തെ വെടിവയ്പ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനാണ് താന്‍ ഇതിനായി സമ്മര്‍ദം ചെലുത്തുന്നതെന്നാണ് ബൈഡന്‍ ഞായറാഴ്ച വിശദീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇനിയും മറ്റൊരു കൂട്ട വെടിവയ്പ് ദുരന്തമുണ്ടാകുന്നത് വരെ കാത്തിരിക്കാനാവില്ലെന്നാണ് ബൈഡന്‍ പറയുന്നത്. രാജ്യത്ത് ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്ന തോക്ക് ആക്രമണങ്ങള്‍ തടയണമെന്നും അതിലൂടെ സമൂഹങ്ങളെയും സ്‌കൂളുകളെയും തോക്ക് ആക്രമണങ്ങളില്‍ നിന്നും സുരക്ഷിതമാക്കണമെന്നും പുതിയ പ്രസിഡന്റ് കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്യുന്നു.

2018ല്‍ ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈ സ്‌കൂളില്‍ തോക്ക് ധാരി നടത്തിയ വെടിവയ്പില്‍ 17 പേരുടെ ജീവനായിരുന്നു പൊലിഞ്ഞത്. ആ കൂട്ടക്കുരുതിയുടെ മൂന്നാം വാര്‍ഷി വേളയിലാണ് തോക്ക് വില്‍പനകളെയും മറ്റും നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ബൈഡന്‍ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്ത് പെരുകി വരുന്ന തോക്ക് ആക്രമണങ്ങള്‍ക്കെതിരെ പാര്‍ക്ക്‌ലാന്‍ഡ് ആക്രമണത്തില്‍ അതിജീവിച്ചവരടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് ഗണ്‍സേഫ്റ്റി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി ലോ മേക്കര്‍മാരും മുന്നോട്ട് വന്നിരുന്നു. ഇതിനെ പിന്തുണക്കുന്ന നിര്‍ണായക നീക്കവുമായാണ് ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Other News in this category



4malayalees Recommends