കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യം'; ഷമ മുഹമ്മദ്

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യം'; ഷമ മുഹമ്മദ്
കേരളത്തിലെ കോണഗ്രസ് പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതലെന്ന് എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഷമ വ്യക്തമാക്കി. അതേ സമയം ഇത്തരം നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും അഭിമുഖത്തില്‍ ഷമ പറഞ്ഞു.

'ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം മുമ്പിലിരിക്കും സ്ത്രീകള്‍. കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോ', ഷമ ചോദിച്ചു.

'ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവര്‍ക്ക് ഞാനെന്ന് എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം'.

'ഇപ്പോള്‍ മാറ്റമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ സംവരണം നടപ്പിലാക്കണം. കേന്ദ്രസര്‍ക്കാരിന് നിയമം പാസ്സാക്കാം. എന്നാല്‍ മോദിസര്‍ക്കാര്‍ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ്സ് നയം. കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാം', ഷമ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ലെന്നും ഷമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷമ മുഹമ്മദ് കണ്ണൂരില്‍ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താന്‍ നിയമസഭയില്‍ മത്സരിക്കുമെന്ന് ഷമ മുഹമ്മദ് പറഞ്ഞു.


Other News in this category4malayalees Recommends