ആഴക്കടല്‍ മത്സ്യബന്ധന വിവാദം ; ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്പനിയ്ക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളും പുറത്തുവിട്ട് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ; ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്പനിയ്ക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളും പുറത്തുവിട്ട് ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചു വെയ്ക്കുന്നു എന്ന് ചെന്നിത്തല ആരോപിച്ചു. ന്യൂയോര്‍ക്കില്‍ മന്ത്രിയുമായി ഇഎംസിസി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

അസെന്റില്‍ ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളും ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു.

കഴിഞ്ഞദിവസമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി കമ്പനിക്ക് അനുമതി നല്‍കി എന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നത്. ആഴക്കടല്‍ മത്സ്യബന്ധത്തിന് ഇഎംസിസിക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ രേഖകളുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്.

Other News in this category4malayalees Recommends