ദൃക്സാക്ഷി സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യില്‍ അറിയാം; ദൃശ്യം 2വില്‍ ഇല്ലാതിരുന്നതിനെ കുറിച്ച് ഷാജോണ്‍
സഹദേവന് പണി കിട്ടി പോയതുകൊണ്ടാണ് ദൃശ്യം 2വില്‍ ഇല്ലാതിരുന്നതെന്ന് കലാഭവന്‍ ഷാജോണ്‍. ബാലാജി ശര്‍മയ്ക്കു നല്കിയ വിഡിയോ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം തുറന്നു പറഞ്ഞത് .
വരുണിനെ പൊലീസ് സ്റ്റേഷനില്‍ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയവും ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യില്‍ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി.
ഷാജോണിന്റെ വാക്കുകള്‍
'ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ ഒരുപാട് പേര് വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവന് എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന് വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'