രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിനു തന്നെ; ജോസഫിന്റെ അപ്പീല്‍ തള്ളി

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിനു തന്നെ; ജോസഫിന്റെ അപ്പീല്‍ തള്ളി
രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു തന്നെയെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. പി.ജെ. ജോസഫിന്റെ അപ്പീല്‍ കോടതി തള്ളി. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു പി.ജെ. ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.


Other News in this category



4malayalees Recommends