യുഎസില്‍ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കവിഞ്ഞത് ഹൃദയഭേദകമെന്ന് ബൈഡന്‍; കോവിഡിനെതിരെ എല്ലാ അമേരിക്കക്കാരും ഒരുമിച്ച് പോരാടാന്‍ ആഹ്വാനം; മരിച്ചവരെ ഓര്‍മിച്ച് മെഴുകുതിരികള്‍ തെളിച്ച് മൗനം ആചരിച്ചു; അഞ്ച് ദിവസത്തേക്ക് ദേശീയ പതാക പാതി താഴ്ത്തും

യുഎസില്‍ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കവിഞ്ഞത് ഹൃദയഭേദകമെന്ന് ബൈഡന്‍; കോവിഡിനെതിരെ എല്ലാ അമേരിക്കക്കാരും ഒരുമിച്ച് പോരാടാന്‍ ആഹ്വാനം; മരിച്ചവരെ ഓര്‍മിച്ച് മെഴുകുതിരികള്‍ തെളിച്ച് മൗനം ആചരിച്ചു; അഞ്ച് ദിവസത്തേക്ക് ദേശീയ പതാക പാതി താഴ്ത്തും
യുഎസില്‍ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കവിഞ്ഞത് ഹൃദയഭേദകമായ സത്യമാണെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി.ലോകത്തില്‍ മറ്റേത് രാജ്യത്തേക്കാളും കോവിഡ് ജീവന്‍ കവര്‍ന്ന രാജ്യമായി യുഎസ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഈ ക്രൂര യാഥാര്‍ത്ഥ്യം താങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.ഈ ദുഖത്തില്‍ നിന്നും കരകയറാനായി എത്രയും വേഗം കോവിഡില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കി വരുകയാണെന്നും തിങ്കളാഴ്ച ബൈഡന്‍ വ്യക്തമാക്കി.

കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി വൈറ്റ്ഹൗസിന് പുറത്ത് മെഴുകുതിരികള്‍ കത്തിച്ച് പ്രസിഡന്റും വൈസ് പ്രസിഡന്റും അവരുടെ പങ്കാളികളും ഒരു മിനുറ്റ് മൗനം ആചരിക്കുകയും ചെയ്തിരുന്നു. യുഎസില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 28.1 മില്യണിലെത്തിയിട്ടുണ്ട്. ലോകത്തില്‍ മറ്റൊരു രാജ്യത്തും ഇത്രയധികം പേര്‍ക്ക് കോവിഡ് പിടിപെട്ടിട്ടില്ല. രാജ്യത്തിനുണ്ടായ ഈ നികത്താനാവാത്ത നഷ്ടം ഓരോ അമേരിക്കക്കാരനും ഓര്‍മിക്കണമെന്നും ഇതിനാല്‍ രാജ്യത്തുള്ള ഏവരും കോവിഡിനെതിരായി ഒരുമിച്ച് പോരാട്ടം തുടരണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്യുന്നു.

ഈ നികത്താനാവാത്ത നഷ്ടം അനുസ്മരിക്കാനായി വരുന്ന അഞ്ച് ദിവസങ്ങള്‍ രാജ്യത്തെ എല്ലാ ഫെഡറല്‍ ബില്‍ഡിംഗുകളിലും ദേശീയ പതാക പാതി താഴ്ത്തി കെട്ടണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍, വിയറ്റ്‌നാം യുദ്ധം എന്നിവിയിലേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ഓര്‍മിപ്പിച്ചായിരുന്നു ബൈഡന്‍ തിങ്കളാഴ്ച പ്രസംഗം ആരംഭിച്ചത്.ഇന്നലെ രാജ്യത്തെ കോവിഡ് മരണം 500,071ലെത്തിയെന്നാണ് ബൈഡന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends