പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു..... യുക്മയ്ക്കും യുക്മ സാംസ്‌ക്കാരിക വേദിക്കും ഇത് അഭിമാന നിമിഷം....

പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു..... യുക്മയ്ക്കും യുക്മ സാംസ്‌ക്കാരിക വേദിക്കും ഇത് അഭിമാന നിമിഷം....
യുകെ മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ എഴുപതാം ലക്കം എന്ന പ്രത്യേകതയും ഫെബ്രുവരി ലക്കത്തിന് സ്വന്തം.


കേരളം സാഹിത്യ അവാര്‍ഡ് ജേതാവ് എസ് ഹരീഷിന്റെ മുഖചിത്രവുമായാണ് ഫെബ്രുവരി ലക്കം വായനക്കാരിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉയര്‍ന്നു വരുന്ന ശക്തികള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ ഇനിയും പൂര്‍ണ്ണമായും കീഴ്‌പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ അവാര്‍ഡ് എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പരാമര്‍ശിക്കുന്നു. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വാക്കും ഒരു വാചകവും എടുത്തു നോവലിന്റെ പ്രസിദ്ധീകരണത്തെ തടഞ്ഞ ഫാസിസ്റ്റു ശക്തികള്‍ക്ക് ലഭിച്ച പ്രഹരമാണ് ഈ അവാര്‍ഡ് എന്ന് എഡിറ്റോറിയല്‍ തുടര്‍ന്ന് പറയുന്നു.


മലയാളത്തിന്റെ പ്രിയ കവി സച്ചിദാന്ദന്‍ രചിച്ച 'അമ്മൂമ്മ' എന്ന കവിത ഈ ലക്കത്തിലെ മൂല്യവത്തായ രചനകളില്‍ ഒന്നാണ്. പുതിയ വിദ്യാഭാസ നയവും അവയൊരുക്കുന്ന അവരസരങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുകയാണ് മുരളി തുമ്മാരുകുടി 'പുതിയ വിദ്യാഭാസ നയം : സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസരങ്ങളും' എന്ന ലേഖനത്തില്‍.


ഇന്ത്യക്കാരനായ വന്യ ജീവി ഫോട്ടോഗ്രാഫര്‍ ടി എന്‍ എ പെരുമാളിനെ അനുസ്മരിക്കുന്ന ആര്‍ ഗോപാലകൃഷ്ണന്റെ 'ഓര്‍മ്മ' വ്യത്യസ്തവും കൗതുകകരവുമായ ഒരു രചനയാണ്. മലയാള സിനിമാഗാനങ്ങളിലെ രസകരങ്ങളായ ചില പദങ്ങളെ അടിസ്ഥാനമാക്കി രവി മേനോന്‍ എഴുതിയ 'പാട്ടിലെ പിടി തരാത്ത വാക്കുകള്‍' എന്ന ലേഖനം രസകരമായ പാട്ടോര്‍മ്മകള്‍ വായനക്കാര്‍ക്ക് നല്‍കുന്നു.


യു കെ യിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന ദീപ ദാസ് രചിച്ച 'മരിക്കാത്ത പ്രണയം' വളരെ മനോഹരമായ കവിതയാണ്. സിരാജ് ശാരംഗപാണിയുടെ 'സത്യം' എന്ന കവിതയും ഈ ലക്കത്തിലെ കവിതാ വിഭാഗത്തെ ആകര്‍ഷകമാക്കുന്നു. ജോസഫ് പടന്നമാക്കലിന്റെ 'ഇന്ത്യയും പഞ്ചവത്സര പദ്ധതികളും' എന്ന ലേഖനം ലളിതമായ ആഖ്യാന ശൈലികൊണ്ടും വിഷയത്തിലുള്ള ആധികാരികതകൊണ്ടും ശ്രദ്ധേയമാകുന്നു.


രാജു പി കെ കോടനാട് എഴുതിയ 'മൗനം', എ എന്‍ സാബു വിന്റെ 'ആറ് സെന്റും വിത്തു തേങ്ങകളും' , ശ്രീകല മേനോന്‍ രചിച്ച 'ഡോണ്ട് വറി അമ്മ' എന്നീ കഥകളും ജ്വാലയുടെ പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ പേജുകളെ സമ്പന്നമാക്കുന്നു. യോര്‍ക്ക്‌ഷെയറിലെ ഹള്ളില്‍ താമസിക്കുന്ന പന്ത്രണ്ടു വയസ്സുകാരി മരിയ രാജു വരച്ച മനോഹരങ്ങളായ ചിത്രങ്ങളും ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്നു. ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക


jwala e magazine

Other News in this category



4malayalees Recommends