കനേഡിയന്‍ മാധ്യമവാര്‍ത്തകള്‍ക്കും ഫേസ്ബുക്ക് പണം നല്‍കേണ്ടി വരും; ഇതിനായി ഓസ്‌ട്രേലിയക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കാനഡ; ട്രൂഡോയും മോറിസനും ചര്‍ച്ച നടത്തി; ഇതിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളും ഈ നീക്കം നടത്താന്‍ സാധ്യതയേറി

കനേഡിയന്‍ മാധ്യമവാര്‍ത്തകള്‍ക്കും ഫേസ്ബുക്ക് പണം നല്‍കേണ്ടി വരും; ഇതിനായി ഓസ്‌ട്രേലിയക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കാനഡ; ട്രൂഡോയും മോറിസനും ചര്‍ച്ച നടത്തി;  ഇതിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളും ഈ നീക്കം നടത്താന്‍ സാധ്യതയേറി
ഫേസ്ബുക്കിനെ പാഠം പഠിപ്പിക്കാന്‍ ഓസ്‌ട്രേലിയക്കൊപ്പം കാനഡയും കൈകോര്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ തങ്ങളുടെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ഫേസ്ബുക്ക് പണം നല്‍കണമെന്ന വ്യവസ്ഥ ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയതിന് പുറകേയാണ് ഇതേ പോലുള്ള നീക്കം നടപ്പിലാക്കാന്‍ കാനഡയും തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റ് ഇത് സംബന്ധിച്ച റെഗുലേറ്ററി ബില്‍ പാസാക്കാന്‍ ഒരുങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ തങ്ങളുടെ ന്യൂസ് ഫീഡ് ബ്ലോക്ക് ചെയ്ത് അതിനെ പ്രതിരോധിക്കാന്‍ ഫേസ്ബുക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തെളിച്ച വഴിയേ വരാന്‍ ഫേസ്ബുക്ക് തയ്യാറാവുകയും വാര്‍ത്തകള്‍ക്ക് പണം നല്‍കാമെന്ന കരാറിലെത്തുകയുമായിരുന്നു.

തങ്ങളുടെ രാജ്യങ്ങളിലെ മാധ്യമങ്ങളുടെ വാര്‍ത്താ കണ്ടന്റുപയോഗിക്കുന്ന ടെക് ഭീമന്‍മാരില്‍ നിന്നും പണം ഈടാക്കുന്ന നീക്കത്തിന് ഓസ്‌ട്രേലിയക്കൊപ്പം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ചൊവ്വാഴ്ച കാനഡ വ്യക്തമാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും നേതാക്കന്‍മാര്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് കാനഡ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ റെഗുലേഷനായി ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ നീക്കം ഫലവത്തായാല്‍ ഓസ്‌ട്രേലിയയിലെ പോലെ കാനഡയിലും വാര്‍ത്തകള്‍ക്ക് പണം നല്‍കാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതമാകുമെന്നുറപ്പാണ്. ഇതിന് പുറമെ മറ്റ് നിരവധി രാജ്യങ്ങളും ഇത്തരമൊരു നീക്കം നടത്തുന്നതോടെ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള ടെക് ഭീമന്‍മാര്‍ ഈ വകയില്‍ നല്ലൊരു തുക വര്‍ഷം തോറും നല്‍കേണ്ടിയും വരും.

Other News in this category



4malayalees Recommends