അച്ഛന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 'നിമഞ്ജനം' ചെയ്ത് കുടുംബം. കെവിന് മക്ഗ്ലിന്ഷെയുടെ കുടുംബമാണ് അദ്ദേഹം ആഗ്രഹിച്ചതുപോലെ ചിതാഭസ്മം ഒഴുക്കിയത്. കെവിന് ഏറെ പ്രിയപ്പെട്ട പബ്ബിന് മുന്നിലെ അഴുക്കുചാലിലാണ് മദ്യത്തില്‍ കലര്‍ത്തി ചിതാഭസ്മം ഒഴുക്കിയത്. ബ്രിട്ടനിലെ കവന്‍ട്രിയിലാണ് സംഭവം.
66ാം വയസില്‍ മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പാണ് കെവിന് തന്റെ ഭ്രാന്തമായ ആഗ്രഹം കുടുംബത്തോട് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മകന് ഓവനും മകള്‍ കാസിഡിയും ചേര്‍ന്ന് കെവിന്റെ ജന്മദിനത്തില് അവസാന ആഗ്രഹം സഫലമാക്കുകയും ചെയ്തു. മകന് ഓവനാണ് അച്ഛന്റെ ചിതാഭസ്മം ഫുള്‍ ഗ്ലാസ് ബിയറില്‍ ഇട്ടത്. തുടര്‍ന്ന് മദ്യത്തില്‍ നന്നായി കലര്‍ത്തി. ഈ സമയമത്രയും പിന്തുണയുമായി കുടുംബം ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ചിതാഭസ്മം കലര്‍ത്തിയ ബിയര്‍ ഗ്ലാസുമായി കുടുംബം പബ്ബിന് മുന്നില്‍ ഒത്തുകൂടി. ഗ്ലാസും കൈയിലേന്തി മകന് പിതാവിനെ അനുസ്മരിച്ച് സംസാരിച്ചു. 'കേള്‍ക്കുമ്പോള്‍, ഭ്രാന്തായി തോന്നാം. എന്നാല്‍ എന്നെന്നേക്കുമായി ഇവിടെ ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം,' ഓവന് പറഞ്ഞു. പിന്നാലെ ചിതാഭസ്മം അടങ്ങിയ ബിയര്‍ അദ്ദേഹം അഴുക്കുചാലിലേക്ക് ഒഴുക്കി. ഇന്നും ഇന്നലെയും അല്ല, 2018ലായിരുന്നു ഇത് നടന്നത്.
ഹോളിബുഷ് എന്ന പബ്ബിനെ അച്ഛന് വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാ ദിവസവും അദ്ദേഹം അവിടെ സന്ദര്‍ശിക്കുമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ എന്നെ ഇവിടെ ഒഴുക്കണമെന്ന് പറയുമായിരുന്നു. ഓരോ തവണയും നിങ്ങള്‍ ഈ ചാലിന് പുറത്തുകൂടി നടക്കുമ്പോള്‍ എന്നെ ഓര്‍മിക്കണം. ലോകത്തിന്റെ ഏതുകോണിലായിരുന്നാലും നിങ്ങള്‍ എന്നെ ഓര്‍മിക്കും'' പിതാവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മകള്‍ കാസിഡി വെളിപ്പെടുത്തുന്നു.
എന്റെ അച്ഛന് മരിക്കുമ്പോള്‍ അവസാനമായി ആഗ്രഹിച്ചത് നല്കുമ്പോള് ഒരു അത്ഭുതകരമായ വികാരമായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ഒരു കുടുംബം എന്ന നിലയിലും വളരെയധികം ഹൃദയവേദനകള്‍ അനുഭവിക്കുമ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്റെ അച്ഛനെ അറിയുന്ന ആ പുഞ്ചിരി അഴുക്കുചാലില്‍ നിന്ന് പോലും ഉയര്‍ന്നുവരുന്നു. ' കാസിഡി പറഞ്ഞു.