ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ വ്യാപകമായി ആരംഭിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കേ വിദേശകാര്യ മന്ത്രി മരിസെ പേയ്‌നെ ശനിയാഴ്ച വാക്‌സിന്‍ സ്വീകരിച്ചു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വാക്‌സിനെടുത്ത് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മരിസെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. നിരവധി മാധ്യമ ക്യാമറകള്‍ക്ക് മുമ്പില്‍ വച്ചായിരുന്നു മോറിസന്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നത്. വാക്‌സിനേഷന്‍ പ്രക്രിയയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ജനത്തെ ബോധിപ്പിക്കാനാണ് താന്‍ വാക്‌സിന്‍ പരസ്യമായി സ്വീകരിച്ചതെന്ന് ഒരു പ്രസ് റിലീസിലൂടെ വാര്‍ത്ത പുറത്ത് വിട്ട് വിദേശ കാര്യമന്ത്രി വിശദീകരിക്കുന്നു.
കൂട്ടുകക്ഷി മന്ത്രിസഭയില്‍ വാക്‌സിനെടുത്ത രണ്ടാമത്തെ ആളായിത്തീര്‍ന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് മരിസെ പറയുന്നത്. വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ജനവിശ്വാസം നേടിയെടുക്കുന്നതിനാണ് മന്ത്രിസഭയിലുള്ളവര്‍ വാക്‌സിന്‍ ആദ്യം സ്വീകരിച്ചതെന്നും മരിസെ പറയുന്നു. ഇത്തരത്തില്‍ വാക്‌സിനേഷന്‍ രാജ്യത്ത് വ്യാപകായി പ്രാവര്‍ത്തികമാക്കുന്നതോടെ അന്താരാഷ്ട്ര യാത്രകള്‍ അധികം വൈകാതെ ആരംഭിക്കാനാവുമെന്നും മരിസെ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടായിരിക്കും സര്‍ക്കാരിലെ മൂന്നാമത്തെ അംഗമെന്ന നിലയില്‍ വാക്‌സിനെടുക്കുന്നത്. ലേബര്‍ എംപിയും സ്തനാര്‍ബുദത്തിന് രണ്ട് പ്രാവശ്യം ചികിത്സക്ക് വിധേയയായ വ്യക്തിയുമായ പേറ്റ മര്‍ഫിയും തിങ്കളാഴ്ച പരസ്യമായി വാക്‌സിന്‍ സ്വീകരിച്ചിരുന്നു. തന്നെ പോലുള്ള രോഗികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കുന്നതിനാണ് മര്‍ഫി ഇതിന് തയ്യാറായിരിക്കുന്നത്. ലേബര്‍ നേതാവ് അന്തോമി ആല്‍ബനീസും ഗ്രീന്‍സ് നേതാവ് ആദം ബാന്‍ഡിറ്റും ഫൈസര്‍ വാക്‌സിന്‍ പരസ്യമായി സ്വീകരിച്ചിരുന്നു.