ഇനി വരുന്നത് ' പാന്‍ഡമിക് ജനറേഷന്‍' ; ലോകത്താകെ 50 കോടി കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു, പകുതിയിലേറെ ഇന്ത്യയില്‍

ഇനി വരുന്നത് ' പാന്‍ഡമിക് ജനറേഷന്‍' ; ലോകത്താകെ 50 കോടി കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു, പകുതിയിലേറെ ഇന്ത്യയില്‍
കോവിഡ് മഹാമാരി വിതച്ച ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം സാമൂഹ്യപ്രശ്‌നങ്ങളും തിരിച്ചടിയായി വരും തലമുറയുടെ കൂടെയുണ്ടാകുമെന്ന് പഠനം. കോവിഡ് വ്യാപനം സൃഷ്ടിക്കുന്നത് 'പാന്‍ഡമിക് ജനറേഷ'നെയെന്നു റിപ്പോര്‍ട്ട്. കോവിഡ്മൂലം കുട്ടികളില്‍ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതായാണ് പുതിയ പഠനത്തില്‍ പറയുന്നത്. 14 വയസ്സിനുതാഴെയുള്ള കുട്ടികളിലാണ് കോവിഡാനന്തര പ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുക.

രാജ്യത്തെ 375 ദശലക്ഷം കുഞ്ഞുങ്ങളില്‍ കോവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. സെന്റര്‍ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) വാര്‍ഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സിഎസ്ഇയുടെ 'ഡൗണ്‍ ടു എര്‍ത്ത്' മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ കോവിഡ്മൂലം 500 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്‌കൂള്‍പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇതില്‍ പകുതിയിലധികം പേരും ഇന്ത്യയിലാണ്. കോവിഡ്മൂലം 115 ദശലക്ഷത്തിലധികംപേര്‍ ദാരിദ്ര്യത്തിലേക്ക് എത്തിപ്പെട്ടേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

അതേസമയം, പരിസ്ഥിതിയും തകര്‍ച്ചയുടെ വക്കിലാണെന്നതും തിരിച്ചടിയുണ്ടാക്കും. ഈ നിലയില്‍ മലിനീകരണം വര്‍ധിക്കുന്നത് കോവിഡിന് പുറമെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന്‍ പറഞ്ഞു.

പാരിസ്ഥിതിക സുസ്ഥിരവികസനത്തില്‍ 192 രാജ്യങ്ങളില്‍ 117ാം സ്ഥാനത്താണ് ഇന്ത്യ. സുസ്ഥിരവികസനത്തില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ കേരളം, ഹിമാചല്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News in this category4malayalees Recommends