ഹെല്‍മെറ്റ് ധരിക്കാതെ യാത്രയചെയ്തതിന് പിഴ അടയ്ക്കാന്‍ പണമില്ലാതെ പൊലീസിന് മുന്നില്‍ രണ്ടു മണിക്കൂര്‍ നീണ്ട വാക്കു തര്‍ക്കം ; ഒടുവില്‍ താലിമാല നീട്ടി വീട്ടമ്മ
ഹെല്‍മെറ്റ് ധരിക്കാതെ യാത്രയചെയ്തതിന് പിഴ കൊടുക്കാന്‍ പണമില്ലാതെ പൊലീസിന് മുന്നില്‍ താലിമാല വെച്ചുനീട്ടി വീട്ടമ്മ. കഴിഞ്ഞ ഞായറാഴ്ച്ച കര്‍ണ്ണാടകയിലെ ബെലാഗാവിയിലായിരുന്നു സംഭവം. പിഴയൊടുക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട വാക്കുതര്‍ക്കത്തിനൊടുവിലാണ് ഭാരതി വിഭൂതി എന്ന 30കാരി തന്റെ താലിമാല വിറ്റ് പിഴയീടാക്കാന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തതിനെ തുടര്‍ന്ന് 500 രൂപയാണ് ട്രാഫിക്ക് പൊലീസ് പിഴ ചോദിച്ചത്. എന്നാല്‍ അത്രയും തുക തങ്ങളുടെ കയ്യിലില്ലെന്ന് ഭാരതി പൊലീസിനെ അറിയിച്ചു. ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റമാണ് വീഡിയോയിലൂടെ പ്രചരിക്കുന്നത്. ഹുക്കേരി ജില്ലയില്‍ ഒരു ഹോട്ടല്‍ നടത്തിവരുകയാണ് ഭാരതി വിഭൂതിയും ഭര്‍ത്താവും.
ഞായറാഴ്ച്ച മാര്‍ക്കറ്റിലേക്ക് പോയ ദമ്പതികളുടെ കയ്യില്‍ ആകെ 1700 രൂപയാണ് ഉണ്ടായിരുന്നത്. മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കടയില്‍ കയറി ചായ കുടിച്ചു. അങ്ങനെ 1600 രൂപയും ചെലവായി. അവശേഷിക്കുന്ന 100 രൂപ മാത്രമാണ് തങ്ങളുടെ കയ്യിലുള്ളതെന്ന് ഭാരതി പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഏകദേശം രണ്ട് മണിക്കൂറോളം പൊലീസും ദമ്പതികളും തമ്മിലുള്ള തര്‍ക്കം നീണ്ടുനിന്നു. ഇതിനിടെയാണ് ഭാരതി താലിമാലയെടുത്ത് പൊലീസുകാര്‍ക്ക് നേരെ നീട്ടിയത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെത്തിയ ശേഷമാണ് ദമ്പതികളെ പോകാന്‍ അനുവദിച്ചത്.