ഹരീഷ് ശിവരാമകൃഷ്ണന്റെ 'വലിച്ചുനീട്ടല്‍' സാഹസമെന്ന് കൈതപ്രം

ഹരീഷ് ശിവരാമകൃഷ്ണന്റെ 'വലിച്ചുനീട്ടല്‍' സാഹസമെന്ന് കൈതപ്രം
ഹരീഷ് ശിവരാമകൃഷ്ണനെ പോലുള്ള ഗായകന്‍മാര്‍ പാട്ടിനെ വലിച്ചു നീട്ടുന്ന പ്രക്രിയയോട് തനിക്ക് താത്പര്യമില്ലെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കുറേ സംഗതികളൊക്കെ ഇട്ട് പാട്ട് പാടുന്നത് ശരിക്കും അവര്‍ കാണിക്കുന്ന സാഹസമാണെന്നും കൈതപ്രം പറഞ്ഞു.

കൈതപ്രത്തിന്റെ വാക്കുകള്‍,

'അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ചു നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍ തര്‍ക്കമില്ല.

അദ്ദേഹം പാടിയ രംഗപുര വിഹാര പോലുള്ള ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുള്ളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിത്തീര്‍ക്കണം.

ആ കുറുക്കല്‍ തന്നെയാണ് സിനിമ പാട്ടിന്റെ സൗന്ദര്യവും.സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിമിതി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷെ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളു എന്ന് മനസിലാക്കണം. ഈ പാട്ട് കേട്ട് ദാസേട്ടനെക്കാള്‍ വലിയ ഗായകരാണ് ഇവരെന്ന് ചിലര്‍ പറഞ്ഞാല്‍ അത് ശുദ്ധമണ്ടത്തരമാണ്. അതിനാല്‍ ദേവാങ്കണങ്ങള്‍ കൈവിട്ട് പാടിയാല്‍ എനിക്ക് അത് ഇഷ്ടപ്പെടില്ല. അത്രമാത്രം.'


Other News in this category



4malayalees Recommends