തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും എക്കര്‍ കണക്കിന് ഭൂമി, ഭൂരഹിതര്‍ക്ക് നല്‍കാന്‍ മാത്രമില്ല; വിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കുറിലോസ്

തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും എക്കര്‍ കണക്കിന് ഭൂമി,  ഭൂരഹിതര്‍ക്ക് നല്‍കാന്‍ മാത്രമില്ല; വിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കുറിലോസ്
തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഭൂമി സുലഭമാണെങ്കിലും ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഭൂമി ഇല്ലെന്ന് നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. നമ്മുടെ 'വികസന'ത്തില്‍ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. കടപ്പുറത്തു നമ്മള്‍ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം ചോദിച്ചു.

സ്വകാര്യ ട്രസ്റ്റിന്റെ യോഗാസെന്ററിന് നാലേക്കര്‍ ഭൂമി നല്‍കിയതും ആഴക്കടല്‍ മത്സ്യബന്ധന വിവാദവും പെരുകുന്ന പൊതുകടവും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മാര്‍ കുറിലോസിന്റെ കുറിപ്പ്. അരികുവല്‍കരിക്കപ്പെട്ടവരുടെ ഭൂപ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ എല്ലാ മുന്നണികളുടെയും വീഴ്ച സൂചിപ്പിച്ച കുറിലോസ്, സംസ്ഥാന സര്‍ക്കാറിനെ ചുറ്റിപറ്റി അടുത്തകാലത്തുയര്‍ന്ന വിവാദങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനമുന്നയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചോദിക്കാതെ വയ്യ

തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേര്‍ച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും 'പൗര പ്രമുഖ'രുമായുള്ള കൂടികാഴ്ച്ചകളും വിരുന്നും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തില്‍ ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്‌നങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ 'വികസന'ത്തില്‍ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? 'പൗരപ്രമുഖരില്‍ ' എന്ന് ഈ സമൂഹങ്ങള്‍ക്കു പ്രാധിനിത്യം ലഭിക്കും? 'കട 'പ്പുറത്തു നമ്മള്‍ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങള്‍ പോലും നമ്മുടെ പൊതു രാഷ്ട്രീയ 'discourse ' ഇല്‍ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണര്‍ത്തുന്നു

Other News in this category



4malayalees Recommends