ഫോട്ടോ ഫെയ്‌സ് ടാഗിംഗ്: ഫെയ്‌സ്ബുക്ക് 650 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ഫോട്ടോ ഫെയ്‌സ് ടാഗിംഗ്: ഫെയ്‌സ്ബുക്ക് 650 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
സാന്‍ ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫെയ്‌സ്ടാഗിംഗും മറ്റ് ബയോമെട്രിക് ഡാറ്റയും ഉപയോഗിച്ചുവെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഫേസ്ബുക്കിനെതിരെ സ്വകാര്യതാ വ്യവഹാരത്തിന് 650 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫെഡറല്‍ കോടതി വിധിച്ചു.

2015 ല്‍ ഇല്ലിനോയിസില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ്ആക്ഷന്‍ വ്യവഹാരത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ജയിംസ് ഡൊണാറ്റോയുടെ നിര്‍ണ്ണായകമായ വിധി. നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത ഇല്ലിനോയിസിലെ 1.6 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ വിധി അനുകൂലമായി ബാധിക്കും.

സ്വകാര്യതാ ലംഘനത്തിന്റെ എക്കാലത്തെയും വലിയ സെറ്റില്‍മെന്റുകളിലൊന്നാണ് ഈ വിധിയെന്ന് ജഡ്ജി ജയിംസ് ഡൊനാറ്റോ ഇതിനെ വിശേഷിപ്പിച്ചു.

നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള ഓരോ വ്യക്തിക്കും കുറഞ്ഞത് 345 ഡോളര്‍ ലഭിക്കുമെന്ന് വിധിന്യായത്തില്‍ അദ്ദേഹം എഴുതി. ഡിജിറ്റല്‍ മത്സര മേഖലയില്‍ സ്വകാര്യതയെ മാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു വലിയ വിജയമാണ്.

വിധിയ്‌ക്കെതിരെ അപ്പീല്‍ കൊടുത്തില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ ചെക്കുകള്‍ മെയിലിലുണ്ടാകുമെന്ന് കേസ് ഫയല്‍ ചെയ്ത ചിക്കാഗോ അറ്റോര്‍ണി ജയ് എഡല്‍സണ്‍ പറഞ്ഞു.

'ഒരു ഒത്തുതീര്‍പ്പിലെത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അതിനാല്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെയും ഞങ്ങളുടെ ഓഹരിയുടമകളുടെയും താല്‍പ്പര്യാര്‍ത്ഥം ഈ വിഷയം മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,' സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ ആസ്ഥാനമായ ഫേസ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

ഉപയോക്താക്കളുടെ മുഖങ്ങള്‍ ഡിജിറ്റലായി സൃഷ്ടിക്കുന്നതിനും സംഭരിക്കുന്നതിനും ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം നേടുന്നതില്‍ പരാജയപ്പെട്ടതിലൂടെ സോഷ്യല്‍ മീഡിയ ഭീമന്‍ ഇല്ലിനോയിസ് സ്വകാര്യതാ നിയമം ലംഘിച്ചുവെന്നാണ് ക്ലാസ് ആക്ഷന്‍ കേസില്‍ ആരോപിച്ചിരുന്നത്.

മുഖങ്ങളും വിരലടയാളങ്ങളും പോലുള്ള ഡാറ്റ ശേഖരിക്കുന്നതിനു മുമ്പ് അനുമതി വാങ്ങാത്ത കമ്പനികള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ ബയോമെട്രിക് ഇന്‍ഫര്‍മേഷന്‍ പ്രൈവസി ആക്റ്റ് ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. ഈ കേസ് ഒടുവില്‍ കാലിഫോര്‍ണിയയിലെ ഒരു ക്ലാസ്ആക്ഷന്‍ വ്യവഹാരമായി തീര്‍ന്നു.

ഈ കേസിനു ശേഷമാണ് ഫേസ്ബുക്ക് അതിന്റെ ഫോട്ടോ ടാഗിംഗ് സംവിധാനം മാറ്റിയത്.




Other News in this category



4malayalees Recommends