ഒറ്റ രാത്രികൊണ്ട് 40 കോടിയുടെ ഭാഗ്യം തേടിയെത്തിയ അബ്ദുള്‍ സലാം പറയുന്നു, ഇപ്പോള്‍ അത്ര സന്തോഷവാനല്ല..

ഒറ്റ രാത്രികൊണ്ട് 40 കോടിയുടെ ഭാഗ്യം തേടിയെത്തിയ അബ്ദുള്‍ സലാം പറയുന്നു, ഇപ്പോള്‍ അത്ര സന്തോഷവാനല്ല..
ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം വന്നെത്തി, ഒറ്റ രാത്രി കൊണ്ട് കൈയ്യില്‍ വന്നത് 40 കോടി രൂപ. ഏഴു പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.2020 ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഏറ്റവും വലിയ തുകയായ 20 മില്യണ്‍ ദിര്‍ഹം 40 കോടി രൂപ ലഭിച്ച ഭാഗ്യവാനാണ് അബ്ദുള്‍ സലാം. ജീവിതത്തില്‍ ആദ്യമായെടുത്ത് ബിഗ് ടിക്കറ്റാണ് അബ്ദുള്‍ സലാമിനെ കോടീശ്വരനാക്കിയത്. എന്നാല്‍ ഇതു അത്ര സന്തോഷകരമായ അനുഭവമല്ല പിന്നീടുണ്ടാക്കിയതെന്ന് അബ്ദുള്‍ സലാം പറയുന്നു.

ലോട്ടറിയടിച്ചതോടെ സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളില്‍ ഫോണ്‍ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോണ്‍ വിളികളുണ്ട്. ആളുകള്‍ കാണാനുമെത്തും. ഉമ്മയെ പോലും വേറൊരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു.

എല്ലാവരും ഓരോ ആവശ്യങ്ങള്‍ പറഞ്ഞു ധനസഹായം തേടിയാണു വരുന്നത്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെയാണു പലരും ചോദിക്കുന്നത്. പലതരം ആവശ്യങ്ങളും നിരത്തും. ആദ്യമൊക്കെ ൈകയയഞ്ഞു സഹായിച്ചു. പിന്നെയിതു കൂടിക്കൂടി വന്നു.

പണം കിട്ടില്ലെന്ന് അറിയുമ്പോള്‍ പലരും ശകാരവാക്കുകള്‍ പറയും. ചിലര്‍ ബന്ധം വേണ്ടെന്ന് വച്ച് പോകും. കൊടുത്ത പണം കുറഞ്ഞു പോയാല്‍ പിന്നെ, മിണ്ടാത്തവരുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ മനസ്സ് അറിയാതെ പറയും 'ഇതൊന്നും വേണ്ടിയിരുന്നില്ല'.

സത്യം പറയാല്ലോ, ജീവിതത്തില്‍ ഇപ്പോള്‍ സന്തോഷമില്ല. പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ തിരിച്ചറിയുമ്പോള്‍, ഹൃദയത്തെ മുറിക്കുന്ന സംസാരമുണ്ടാകുമ്പോള്‍ എല്ലാം ഇതുവരെ കണ്ട ലോകമേ മാറി പോയ അവസ്ഥയാണെന്നും സലാം പറയുന്നു.

കൊടുക്കാന്‍ മടി ഉണ്ടായിട്ടല്ല, സഹായം ചെയ്യുമ്പോള്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണം എന്നൊരു ആഗ്രഹമുണ്ട്. പലര്‍ക്കും പണമാണ് ബന്ധങ്ങളേക്കാള്‍ വലുത് എന്നു കൂടി പഠിച്ച സമയമാണിത്.

അതേസമയം, 50 പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്തി കൊടുക്കണം എന്ന ആഗ്രഹവും സലാം പങ്കുവയ്ക്കുന്നു. മനസ്സിന്റെ സമാധാനത്തിന് വേണ്ടിയാണത്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനാകാത്തത് വീട്ടില്‍ അത്രമേല്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടായിരിക്കുമല്ലോ.

നിര്‍ധനരായ 50 പേരുടെ വിവാഹം നടത്തുമ്പോള്‍, ആ കുട്ടികളുടെ മുഖമോ വിവരങ്ങളോ പരസ്യമാക്കരുത് എന്നും ആഗ്രഹമുണ്ട്, അബ്ദുള്‍ സലാം പറയുന്നു.

Other News in this category4malayalees Recommends