ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ടിംഗ് നിരപരാധിയെ ജയില്‍ മോചിതനാക്കി

ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ടിംഗ് നിരപരാധിയെ ജയില്‍ മോചിതനാക്കി
ന്യൂയോര്‍ക്ക്: ചെയ്യാത്ത കുറ്റത്തിന് 15 വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്ന കെന്നത്ത് നിക്‌സണ്‍ എന്ന യുവാവിന് അവസാനം മോചനം. ഫെബ്രുവരി 18 ന് മിഷിഗണ്‍ സ്റ്റേറ്റ് ജയിലില്‍ നിന്നും മോചിതനായ നിക്‌സണ്‍ പുറത്ത് കാത്തുനിന്നിരുന്ന അമ്മയെ ആലിംഗനം ചെയ്തു. 19ാം വയസ്സിലാണ് താന്‍ ചെയ്യാത്ത ഇരട്ട കൊലപാതകക്കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവിന് നിക്‌സണ്‍ ശിക്ഷിക്കപ്പെട്ടത്.


2005 ല്‍ ഒരു വീടിന് തീപിടിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിക്‌സണ്‍ അറസ്റ്റിലായത്. തീപിടിത്തത്തില്‍ 10 വയസുള്ള ആണ്‍കുട്ടിയും ഒരു വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചിരുന്നു.


വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ കൂലി ഇന്നസെന്‍സ് പ്രോജക്റ്റ് (Cooley Innocence Project), വെയ്ന്‍ കൗണ്ടി കണ്‍വിക്ഷന്‍ ഇന്റഗ്രിറ്റി യൂണിറ്റ് (Wayne Coutny Conviction Integrtiy Unit) നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം (Medill School of Journalism) എന്നിവിടങ്ങളില്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് നിക്‌സണ് മോചനം നേടാനായത്.


സീനിയര്‍ അസോസിയേറ്റ് ഡീന്‍ ടിം ഫ്രാങ്ക്‌ലിന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡെസിരി ഹാന്‍ഫോര്‍ഡ്, സഹായിയായ ഇന്‍സ്ട്രക്ടര്‍ ജോര്‍ജ്ജ് പാപ്പജോണ്‍ എന്നിവര്‍ പഠിപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിംഗ് ക്ലാസിന്റെ ഭാഗമായി 2018 ല്‍ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ നിക്‌സന്റെ കേസ് പരിശോധിക്കാന്‍ തുടങ്ങി. അവരുടെ ഗവേഷണവും റിപ്പോര്‍ട്ടിംഗും കേസിലെ യഥാര്‍ത്ഥ തെളിവുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി.


കേസില്‍ 'ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന്' പ്രോസിക്യൂട്ടര്‍ വിശേഷിപ്പിച്ചതാണ് അവര്‍ക്ക് ഒരു കച്ചിത്തുരുമ്പായത്. അതുള്‍പ്പടെ മെഡില്‍ വിദ്യാര്‍ത്ഥികള്‍ ഇരകളുടെ സഹോദരന്റെ മൊഴികളിലുള്ള വൈരുദ്ധ്യവും ഒരു ജയില്‍ ഹൗസ് വിവരദാതാവിന്റെ മൊഴിയും പരിശോധിച്ചു. കൂടാതെ, അവര്‍ മൂന്ന് സാക്ഷികളുമായി അഭിമുഖം നടത്തി തീപിടുത്ത സമയത്ത് നിക്‌സണ്‍ എവിടെയായിരുന്നു എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അവരുടെ അന്വേഷണം ആരംഭിച്ചത്.


തന്റെ ക്ലാസ് നിക്‌സന്റെ കാര്യം പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ 'കേസ് തള്ളിക്കളയാനല്ല, മറിച്ച് അതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടതെന്ന്' വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി ഡീന്‍ ടിം ഫ്രാങ്ക്‌ലിന്‍ പറഞ്ഞു. പത്ത് ആഴ്ചത്തെ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യഥാര്‍ത്ഥ പത്രപ്രവര്‍ത്തന അനുഭവം നല്‍കിയെന്നും അദ്ദേഹം പറയുന്നു.


നൂറുകണക്കിന് പേജുകളുള്ള കോടതി രേഖകളും പോലീസ് റിപ്പോര്‍ട്ടുകളും പഠിക്കുകയും ആഭ്യന്തര രേഖകള്‍ നേടുകയും സാക്ഷികളെയും വിദഗ്ധരെയും നിയമപാലകരെയും അഭിമുഖം നടത്തുകയും ചെയ്തു എന്നും, നിക്‌സണും ബന്ധുക്കളുമായും അഭിമുഖം നടത്തിയെന്നും ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.


പല വിദ്യാര്‍ത്ഥികളും രാവിലെ ഉറക്കമുണര്‍ന്നാല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ ഈ കേസിനെക്കുറിച്ച് മാത്രം ചിന്തിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സത്യം കണ്ടുപിടിക്കാന്‍ അവര്‍ക്ക് അത്രമാത്രം ആകാംക്ഷയായിരുന്നു.


ഒരു വിദ്യാര്‍ത്ഥി, ആഷ്‌ലി എബ്രഹാം, നിക്‌സന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഭിമുഖം നടത്താന്‍ മിഷിഗണിലേക്ക് നടത്തിയ നിരവധി റോഡ് യാത്രകളെക്കുറിച്ചും, ഉറക്കമിളച്ച് 'നീണ്ട രാത്രികള്‍' ഡ്രാഫ്റ്റുകള്‍ തയ്യാറാക്കാന്‍ ചിലവഴിച്ചതിനെക്കുറിച്ചും വിശദീകരിച്ചു.


പ്രാദേശിക അന്വേഷണാത്മക ജേര്‍ണലിസം കമ്മ്യൂണിറ്റികളില്‍ ചെലുത്തുന്ന സ്വാധീനം കേസില്‍ പ്രതിഫലിച്ചതായി പ്രാദേശിക പത്രപ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിറ്റികളെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'റിപ്പോര്‍ട്ട് ഫോര്‍ അമേരിക്ക'യുടെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ക്ലെമാന്‍ പറഞ്ഞു .


ഈ റിപ്പോര്‍ട്ടര്‍മാര്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ കെന്നത്ത് നിക്‌സനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സമൂഹത്തിനും ശക്തമായ, അന്വേഷണാത്മകവും ഉത്തരവാദിത്തമുള്ളതുമായ പ്രാദേശിക പത്രപ്രവര്‍ത്തനം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.


ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ പോലുള്ള ശക്തമായ ഘടനകളെക്കുറിച്ച് പറയുമ്പോള്‍, ഉയര്‍ന്ന നിലവാരമുള്ള റിപ്പോര്‍ട്ടിംഗ് ഉത്തരവാദിത്തത്തിന്റെ ഒരു പ്രധാന തലം നല്‍കുന്നു. 'ആരോ നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാകുമ്പോള്‍, എല്ലായിടത്തുനിന്നും മികച്ച പ്രതികരണം ലഭിക്കുന്നു. എത്ര ഗൗരവമായ കേസായാലും ഗതിവിഗതികള്‍ മാറാന്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ടിംഗിന് സാധിക്കുന്നു. നീതിന്യായ വ്യവസ്ഥയേയും അതു സഹായിക്കുന്നു,' ക്ലെമാന്‍ പറഞ്ഞു.


നിക്‌സണെ സംബന്ധിച്ചിടത്തോളം, ആ പത്രപ്രവര്‍ത്തനത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് സാധുതയില്ലാതായി. പ്രൊസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച രേഖകളില്‍ പലതും അസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു എന്ന് തെളിഞ്ഞതോടെ നിക്‌സന് തന്റെ കുടുംബവുമായി ഒന്നിക്കാന്‍ കഴിഞ്ഞു.


'പത്രപ്രവര്‍ത്തനം യാഥാര്‍ത്ഥ്യത്തെ വെളിച്ചത്തു കൊണ്ടുവരും. ലോകത്തെ തന്നെ അത് സ്വാധീനിക്കും. ഈ കേസില്‍ അതാണ് സംഭവിച്ചത്,' ഡീന്‍ ടിം ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.



Other News in this category



4malayalees Recommends