സൈന നെഹ്‌വാളിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആഘോഷമാക്കി ട്രോളന്മാര്‍

സൈന നെഹ്‌വാളിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആഘോഷമാക്കി ട്രോളന്മാര്‍
ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിത കഥ പറയുന്ന സൈന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ വിനോദ ലോകത്തെ ചൂടുള്ള വാര്‍ത്ത. പരിനീതി ചോപ്രയാണ് സൈനയായി അഭിനയിക്കുന്നത്. പരേഷ് റാവല്‍, മാനവ് കൗള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ മാസം 26ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്ററാണ് പൊല്ലാപ്പിലായത്. ആകാശത്തിലേക്ക് ഉയര്‍ത്തി സെര്‍വ് ചെയ്യുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

ബാഡ്മിന്റണ്‍ കോക്കിന്റെ ആകൃതിയില്‍ സൈന എന്ന ടൈറ്റിലും കാണാം. എന്നാല്‍ ആകാശത്തിലേക്കുയര്‍ത്തി സെര്‍വ് ചെയ്യുന്ന രീതി ബാഡ്മിന്റണിലില്ല. അതു ടെന്നീസിലാണ്. സെര്‍വ് ചെയ്യുമ്പോള്‍ ഷട്ടില്‍, കോര്‍ട്ട് പ്രതലത്തില്‍ നിന്ന് 1.15 മീറ്ററിലും താഴെയായിരിക്കണമെന്നാണ് പുതിയ നിയമം. ഇതാണ് ട്രോളന്മാരെ ഉണര്‍ത്തിയത്. ഏതോ ടെന്നീസ് ഫാനാണ് പോസ്റ്റര്‍ ഉണ്ടാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. മികച്ചൊരു പോസ്റ്ററിനെ അബദ്ധത്തില്‍ നശിപ്പിച്ചുവെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ സൈനയുടെതല്ല സാനിയയുടെ ബയോപിക് ആണ് തുടങ്ങി രസകരമായ കമന്റുകളും പ്രവഹിക്കുന്നുണ്ട്.

അതേസമയം സമൂഹമാധ്യമങ്ങളിലെ കോലാഹലങ്ങളോട് ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതികരിച്ചിട്ടില്ല. സെര്‍വ് തന്നെയാണോ ഉദ്ദേശിച്ചത് അതോ ചിത്രത്തിലെ മറ്റു രംഗങ്ങളാണോ എന്നത് സംബന്ധിച്ച് അണിയറക്കാര്‍ തന്നെ വ്യക്തമാക്കട്ടെയെന്നാണ് മറ്റൊരു സംസാരം.

Other News in this category4malayalees Recommends