വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി ; കോടതിയെ കബളിപ്പിച്ചാണ് ജാമ്യം നേടിയതെന്ന് സംശയിക്കുന്നതായി ഹൈക്കോടതി

വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി ; കോടതിയെ കബളിപ്പിച്ചാണ് ജാമ്യം നേടിയതെന്ന് സംശയിക്കുന്നതായി ഹൈക്കോടതി
പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി,ഗുരുതര ആരോഗ്യപ്രശ്‌നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതുപരിപാടികളില്‍ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന് ഇളവു നല്‍കരുതെന്ന് സര്‍ക്കാരും കോടതിയോട് ആവശ്യപ്പെട്ടു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത് എറണാകുളം ജില്ല വിട്ട് പോകരുതെന്നടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയായിരുന്നു. എന്നാല്‍ മലപ്പുറം മമ്പ്രം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കീഴ്‌ക്കോടതിയില്‍ നിന്നും ഇബ്രാഹിം കുഞ്ഞ് അനുമതി തേടുകയും ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പാണാക്കാടെത്തുകയും ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ യാത്രക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസില്‍ ആരോപണ വിധേയനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യസ്ഥിതി മോശമാണെന്ന് പരിഗണിച്ച് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. കഴിഞ്ഞ നവംബര്‍! 18നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്.

Other News in this category



4malayalees Recommends