അബുദാബിയിലെ പ്രഥമ ഹിന്ദു ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പുരോഗമിക്കുന്നു. ഏപ്രില്‍ അവസാനത്തോടെ പണി പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നെത്തിച്ച കൊത്തുപണി ചെയ്ത കല്ലുകള്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കും. അബുദാബിയിലെ അബു മുറൈഖ പ്രദേശത്തെ 27 ഏക്കര്‍ സ്ഥലത്താണ് മൊത്തം 4,500 ലക്ഷം ദിര്‍ഹം മുതല്‍മുടക്കില്‍ പരമ്പരാഗത ശിലാക്ഷേത്രം നിര്‍മിക്കുന്നത്. ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ സന്‍സ്ഥയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്ര നിര്‍മാണം.
തറനിരപ്പില്‍ നിന്ന് 4.5 മീറ്റര്‍ ആഴമുള്ള ഫൗണ്ടേഷന് ജോലികളാണ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്.
ക്ഷേത്രത്തിന്റെ അടിത്തറ രൂപകല്പന ചെയ്തിട്ടുള്ള രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് പ്രത്യേക കല്ലുകളാണെത്തിച്ചത്. തുരങ്കഭിത്തികളില്‍ അടുത്തയാഴ്ചയോടെ ഈ കല്ലുകള്‍ പതിപ്പിച്ചു തുടങ്ങും.
പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയില് കൈകൊണ്ട് കൊത്തിയ കല്‍ത്തൂണുകളാണ് ഉപയോഗിക്കുന്നത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും കരകൗശലത്തൊഴിലാളികളാണ് ക്ഷേത്രത്തിലെ കല്‍ത്തൂണുകള്‍ കൊത്തി രൂപകല്പന ചെയ്തത്.
ശിലാക്ഷേത്രത്തിലെ പിങ്ക് കല്ലുകള്‍ രാജസ്ഥാനില്‍ നിന്നും മാര്‍ബിള്‍ ഇറ്റലിയിലെ മാസിഡോണിയയില്‍ നിന്നുള്ളതുമാണ്. കൊത്തിയെടുത്ത കല്ലുകളാണ് അബുദാബിയിലേക്ക് കൊണ്ടുവരുന്നത്. ഡിപി വേള്‍ഡും ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലോജിസ്റ്റിക്കുമായി സഹകരിച്ചാണ് ഇവ അബുദാബിയിലെത്തിക്കുന്നത്.