കേരളത്തിന്റെ സമഗ്ര വികസനത്തിന് ഡോ.എസ് .എസ്.ലാലിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം: ലീല മാരേട്ട്

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഡോ.എസ് .എസ്.ലാലിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം:  ലീല മാരേട്ട്

കഴക്കൂട്ടം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്റര്‍ വിജയാശംസകള്‍ നേര്‍ന്നു. അദ്ദേഹം നിയമസഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അഭിപ്രായപ്പെട്ടു. ഡോ. ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമേരിക്കയില്‍ നിന്നും കേരളത്തിലെത്തി മണ്ഡല പര്യടനങ്ങളില്‍ സജീവമാണ് ലീല മാരേട്ട്.ഒരു ജനപ്രതിനിധിയ്ക്ക് ഏറ്റവുമധികം ആവശ്യമുള്ളത് അയാള്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ്.ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിലും മതേതരത്വത്തിലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഓരോ തിരഞ്ഞെടുപ്പും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.കേരളത്തിന്റെ സാഹചര്യവും വിഭിന്നമല്ല .അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു ഗവണ്‍മെന്റ് കിറ്റും, അരിയും നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു.പി.എസ് സി ടെസ്റ്റ് എഴുതി ജോലി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പറ്റിച്ച് പിന്‍വാതില്‍ നിയമനത്തിലൂടെ തങ്ങളുടെ അണികളെ തിരുകിക്കയറ്റിയ വാര്‍ത്തയും നാം കണ്ടു. അറിവിന്റെ മേഖലയ്ക്ക് മേല്‍ തുരങ്കം വയ്ക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസമുള്ളവരുടെ, സാംസ്‌കാരിക ഔന്നത്യമുള്ളവരുടെ ഒരു നേതൃത്വനിര ഉണ്ടാവണം. അത്തരം ഒരു ഭരണകൂടം ഉണ്ടാവണമെന്ന് ലീല മാരേട്ട് അഭിപ്രായപ്പെട്ടു.


ഏതൊരു പൊതുപ്രവര്‍ത്തനമേഖലയിലേക്കിറങ്ങുമ്പോഴും വിദ്യാഭ്യാസം ഒരു വലിയ മാനദണ്ഡം തന്നെയാണ്. ശശി തരൂരിനെ പോലെ ലോകരാജ്യങ്ങള്‍ക്ക് മുന്‍പിലിരുന്ന് കൊണ്ട് ഇന്ത്യയുടെ, കേരളത്തിന്റെ മുഖം വ്യക്തമാക്കുന്ന ഒരു മനുഷ്യനെ ഈ കാലഘട്ടത്തില്‍ നമുക്ക് അനിവാര്യമാണ്.


ഡോ. എസ് എസ് ലാല്‍ കഴക്കൂട്ടത്ത് മത്സരിക്കുന്നുവെന്ന പ്രഖ്യാപനം പുറത്തു വന്നപ്പോള്‍ മുതല്‍ തന്നെ വലിയ പ്രതീക്ഷകളാണ് ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയുടെ ആത്മാവിനു വേണ്ടി ഏറ്റവുമധികം ജീവിതം മാറ്റിവച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളുടെ പിന്‍ഗാമിയാണ് എസ് എസ് ലാല്‍ എന്നത് അഭിമാനത്തോടെ നമുക്ക് പറയാം. കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി .എഫും അദ്ദേഹത്തിനൊപ്പം സജീവമായി നിലയുറപ്പിച്ചു കഴിഞ്ഞു. . കലയെ കുറിച്ചറിയാത്തവര്‍ സാംസ്‌കാരിക മന്ത്രിമാരും, കായികത്തേക്കുറിച്ചറിയാത്തവര്‍ കായിക വിനോദ മന്ത്രിമാരുമാകുന്ന കാലഘട്ടത്തില്‍ നിന്ന് നമുക്ക് ഒരു മോചനം അനിവാര്യമാണ്. നട്ടെല്ലു വളയ്ക്കാതെ ഓരോ മേഖലയെക്കുറിച്ചും കൃത്യമായി അറിയാവുന്നവരാണ് നമ്മുടെ ജനപ്രതിനിധികളെന്ന് നമുക്ക് അഭിമാനിക്കാവുന്ന കാലം വിദൂരമല്ല. അതിനുള്ള തുടക്കമാണ് ഡോ.ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം' ഈ തിരഞ്ഞെടുപ്പിലെ എസ് എസ് ലാലിന്റെ കരുത്ത് യു.ഡി. എഫ് മാത്രമല്ല ,അതിനുമപ്പുറം ആ മനുഷ്യനെ അടുത്തറിയുന്നവര്‍, മെഡിക്കല്‍ രംഗത്തും മറ്റും ആ മനുഷ്യന്‍ നല്‍കിയ സഹായങ്ങളും സംഭാവനകളും അറിയുന്നവര്‍, അവരാണ് ഈ മനുഷ്യന്റെ ശക്തി. ഒരു ജയം കൊണ്ട് മാത്രമേ ഇന്നാട്ടിലെ ഫാസിസ്റ്റ് ഭരണവും മറ്റു മേഖലകളിലെ സമഗ്രമായ വികസനവും സാധ്യമാവുകയുള്ളൂ.കേരളത്തിന്റെ ആരോഗ്യരംഗത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം എത്തേണ്ടതുണ്ട്. അതിനായി ഡോ.എസ്.എസ്.ലാലിന്റെ ശബ്ദം നിയമസഭയില്‍ എത്തേണ്ടതുണ്ട്.


യുഎന്നിന് കീഴിലുള്ള പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ടിച്ച വ്യക്തിയാണ് എസ് എസ് ലാല്‍.കോവിഡ് ഭീതിക്കാലത്ത് ആശയത്തിനും ആദര്‍ശത്തിനുമപ്പുറം ഗവണ്മെന്റിന് തന്റെതായ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കിയിരുന്നു. രാഷ്ട്രീയത്തിനതീതമായി ജനക്ഷേമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇതുപോലുള്ള മനുഷ്യരെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ജയിപ്പിക്കേണ്ടത്. നമ്മുടെ പ്രശ്‌നങ്ങളെ വായിച്ചെടുക്കാന്‍ തക്ക വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ക്കേ ഈ രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാനാവൂ. എസ് എസ് ലാല്‍ എന്ന മനുഷ്യന്റെ ജയം ഈ നാടിന്റെ എല്ലാ മേഖലയിലേക്കുമുള്ള വികസനക്കുത്തിപ്പിന് കാരണമാകുമെന്നതില്‍ സംശയിക്കേണ്ട.


ഗ്ലാബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഹെഡ് ഉം പ്രൊഫസറുമായ എസ് എസ് ലാല്‍. ണഒഛ യുടെ ടെക്‌നിക്കല്‍ ഓഫീസറുമാണ്. മെഡിക്കല്‍ രംഗത്തെ ഈ പരിചയം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വലിയ മാറ്റം കൊണ്ടുവരും. വിവേകമുള്ളവരാണ് ഭരണാധികാരികള്‍ ആവേണ്ടത്. പണക്കൊഴുപ്പിലും പദവിയിലും അവര്‍ക്ക് മാത്രമാണ് കണ്ണ് മഞ്ഞളിക്കാത്തതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.


ഇനിയും പരിമിതമായ സമയം മാത്രമാണുള്ളത്. അമേരിക്കന്‍ മലയാളികളുടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ,ജനാധിപത്യ വിശ്വാസികളുടെ പിന്തുണയാണ് അദ്ദേഹത്തിന് വേണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് അതിനായി പ്രവര്‍ത്തിക്കണമെന്ന് ലീല മാരേട്ട് അഭ്യര്‍ത്ഥിച്ചു.Other News in this category4malayalees Recommends