നായാട്ടിനിടെ അബദ്ധത്തില്‍ വെടിപൊട്ടി കൂട്ടുകാരന്‍ രക്തം വാര്‍ന്ന് പിടഞ്ഞ് മരിച്ചു, സഹിക്കാനാകാതെ നാല് സുഹൃത്തുക്കള്‍ ജീവനൊടുക്കി

നായാട്ടിനിടെ അബദ്ധത്തില്‍ വെടിപൊട്ടി കൂട്ടുകാരന്‍ രക്തം വാര്‍ന്ന് പിടഞ്ഞ് മരിച്ചു, സഹിക്കാനാകാതെ നാല് സുഹൃത്തുക്കള്‍ ജീവനൊടുക്കി
നായാട്ടിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപ്പൊട്ടി സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് നാല് സുഹൃത്തുക്കള്‍ ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ കുന്തി ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരാണ് ദാരുണ സംഭവം നാട്ടുകാരെ വിവരം അറിയിച്ചത്.

ബിലംഗാന ബ്ലോക്കിലെ ഗ്രാമത്തില്‍നിന്ന് ശനിയാഴ്ച രാത്രിയിലാണ് ഏഴു സുഹൃത്തുക്കള്‍ നായാട്ടിനു പോയത്. ലോഡ് ചെയ്ത തോക്കുമായി രാജീവ് (22) എന്ന യുവാവാണ് സംഘത്തെ നയിച്ച് മുന്നില്‍ നടന്നത്. നടക്കുന്നതിനിടെ കാല്‍തെറ്റി വീണ രാജീവിന്റെ കൈയ്യില്‍നിന്ന് വെടി പൊട്ടുകയും അത് സന്തോഷ് എന്ന സുഹൃത്തിന് കൊള്ളുകയുമായിരുന്നു.

ശേഷം, കണ്‍മുന്‍പില്‍ രക്തം വാര്‍ന്ന് സന്തോഷ് മരിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ നേരിട്ട് കണ്ടതോടെ ഭയം ഇരട്ടിച്ചു. സന്തോഷിന്റെ മരണത്തില്‍ കുറ്റബോധം തോന്നിയ രാജീവ് സ്വയം കാഞ്ചിവലിച്ച് ജീവനൊടുക്കുകയായിരുന്നു. പിന്നാലെ, സോബന്‍, പങ്കജ്, അര്‍ജുന്‍ എന്നീ സുഹൃത്തുക്കള്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

രാഹുല്‍, സുമിത് എന്നിവര്‍ ഗ്രാമത്തിലേക്ക് തിരികെയെത്തി നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. 18നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണത്തിനു പിന്നില്‍ വേറെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends