ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ മുട്ടുകുത്തി പോലീസുകാരന്‍ സകല നിയമങ്ങളും തെറ്റിച്ചു; ഡെറെക് ഷോവിനെ കൈവിട്ട് കൊലക്കുറ്റ വിചാരണയില്‍ പോലീസ് മേധാവി

ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ മുട്ടുകുത്തി പോലീസുകാരന്‍ സകല നിയമങ്ങളും തെറ്റിച്ചു; ഡെറെക് ഷോവിനെ കൈവിട്ട് കൊലക്കുറ്റ വിചാരണയില്‍ പോലീസ് മേധാവി
അമേരിക്കയെയും, ലോകത്തെയും പിടിച്ചുലച്ച ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതക കേസില്‍ പ്രതി ഡെറെക് ഷോവിനെ കൈവിട്ട് മിനെയാപോളിസ് പോലീസ് മേധാവി. ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ ഒന്‍പത് മിനിറ്റിലേറെ മുട്ടുകുത്തി നിന്ന് പോലീസ് നയങ്ങള്‍ പ്രതി സമ്പൂര്‍ണ്ണമായി ലംഘിച്ചെന്ന് പോലീസ് മേധാവി മെഡാറിയ അരാന്‍ഡോ കോടതിയില്‍ വ്യക്തമാക്കി. പോലീസ് സേനയുടെ ബലപ്രയോഗവും, മോചിപ്പിക്കലും സംബന്ധിച്ച നയങ്ങളാണ് മുന്‍ പോലീസുകാരന്‍ ലംഘിച്ചതെന്ന് അരാന്‍ഡോ പറഞ്ഞു.

'ഞങ്ങളുടെ നയങ്ങളെ പൂര്‍ണ്ണമായി ലംഘിക്കുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു. ഈ രീതി ഞങ്ങളുടെ നയങ്ങളുടെ ഭാഗമല്ല, ഇത് ഞങ്ങള്‍ പഠിപ്പിക്കുന്നില്ല', ഷോവിന്‍ ഉപയോഗിച്ച അക്രമരീതിയെ കുറിച്ച് പ്രോസിക്യൂട്ടറോട് ചീഫ് അരാന്‍ഡോ വ്യക്തമാക്കി. ഫ്‌ളോയ്ഡിനെ നേരിട്ട ആദ്യത്തെ ഏതാനും സെക്കന്‍ഡിലേക്ക് ഈ നടപടി സ്വീകരിക്കാമെങ്കിലും കീഴടങ്ങിയ മനുഷ്യനോട് കാണിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളോയ്ഡിന്റെ എതിര്‍പ്പ് നിലയ്ക്കുകയും, അദ്ദേഹം ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമ്പോള്‍, അത് പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ നടപടി നിര്‍ത്തേണ്ടത് തന്നെയായിരുന്നു, അരാന്‍ഡോ പറഞ്ഞു. ഫ്‌ളോയ്ഡിന്റെ ജീവന്‍ രക്ഷിക്കാന്‍ അരമണിക്കൂറോളം ശ്രമിച്ച ഡോക്ടര്‍ വാങ്കെഡെ ലാങ്കെന്‍ഫീല്‍ഡും വിചാരണയില്‍ മൊഴി നല്‍കി. ഓക്‌സിജന്‍ കിട്ടാതെയാണ് ഫ്‌ളോയ്ഡ് മരിച്ചതെന്നാണ് താന്‍ കരുതുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ഫ്‌ളോയ്ഡ് എങ്ങിനെ മരിച്ചുവെന്നത് കേസില്‍ സുപ്രധാനമാകും. പ്രത്യേകിച്ച് ടോക്‌സിക്കോളജി റിപ്പോര്‍ട്ടില്‍ മെത്തംഫെറ്റമിന്‍, ഫെന്റാനില്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.


Other News in this category4malayalees Recommends