മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്കയുണ്ട്, കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനെന്ന് മുല്ലപ്പള്ളി

മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്കയുണ്ട്, കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനെന്ന് മുല്ലപ്പള്ളി
മഞ്ചേശ്വരത്തെ ഫലസൂചനയില്‍ ആശങ്കയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍നിന്നു ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന പറഞ്ഞതില്‍ മാറ്റമില്ല. എന്നാല്‍ മഞ്ചേശ്വരത്ത് എനിക്ക് ആശങ്കയുണ്ട്. അവിടെ എല്‍ഡിഎഫ് – ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

ആദ്യഘട്ട പ്രചാരണത്തില്‍ യുഡിഎഫിനു മന്ദഗതിയുണ്ടായിരുന്നു എന്നതു യാഥാര്‍ഥ്യമാണ്. ഇതു വേഗം മറികടക്കാനായി. സ്ഥാനാര്‍ഥി നിര്‍ണയമാണു ഞങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകമാവുക. ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ മഞ്ചേശ്വരത്തുനിന്നു ലഭിക്കുന്ന വിവരങ്ങളില്‍ ആശങ്കയുണ്ട്. രഹസ്യ ബാന്ധവത്തിന്റെ ശില്‍പി പിണറായി വിജയനാണ്

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമേശിന്റെ വിജയത്തിനായി സിപിഎം സജീവമായി പ്രവര്‍ത്തിച്ചിട്ടില്ല. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് ക്യാംപ് ആകെ മ്ലാനമായിരുന്നു. അവിടെ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയോ എന്നെനിക്ക് ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപിയുമായി ധാരണയുണ്ടെന്ന് പറയപ്പെടുന്ന ഒരാളെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്.
Other News in this category4malayalees Recommends