യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ബോംബേറില്‍ ഇടതുകാല്‍ ചിന്നിച്ചിതറി, മരണകാരണം രക്തംവാര്‍ച്ചയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ബോംബേറില്‍ ഇടതുകാല്‍ ചിന്നിച്ചിതറി, മരണകാരണം രക്തംവാര്‍ച്ചയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പാനൂര്‍ പുല്ലൂക്കര മുക്കില്‍പീടികയിലുണ്ടായ അക്രമങ്ങളില്‍ പരിക്കേറ്റ മന്‍സൂര്‍ (21) മരിച്ചത് ബോംബേറില്‍ കാലിനേറ്റ മുറിവില്‍നിന്ന് രക്തംവാര്‍ന്നതുകൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15നാണ് മന്‍സൂര്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി മുക്കില്‍പീടികയിലുണ്ടായ ബോംബേറിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കണ്ണൂരിലും വടകര സഹകരണ ആശുപത്രിയിലും പരിശോധിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു.

വോട്ടറെ വാഹനത്തില്‍ കൊണ്ടുവന്നതിനെ ചൊല്ലി തുടങ്ങിയ സംഘര്‍ഷമാണ് മന്‍സൂറിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30 മുതല്‍ തുടങ്ങിയ പ്രകോപനങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷമായിരുന്നു കൊലപാതകത്തിനു കാരണമായ അക്രമം നടന്നത്. വോട്ടറെ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനത്തില്‍ എത്തിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. സ്ഥലത്തെത്തിയ ലീഗ് പ്രാദേശിക നേതാവിനെ മര്‍ദിച്ചു. ഇദ്ദേഹം മുഹ്‌സിന്‍ ഏജന്റായ ബൂത്തിലെത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്നു ബൂത്ത് പരിസരത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. ഇതുസംബന്ധിച്ച പരാതിയില്‍ ചൊക്ലി പോലീസ് കേസെടുത്തു. ഇവിടെ പിന്നീട് ശക്തമായ പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു.

ഇതിനു പിന്നാലെ ആയിരുന്നു ഡിവൈഎഫ്‌ഐ പാനൂര്‍ മേഖലാ ട്രഷറര്‍ കെ.സുഹൈലിന്റെ പ്രകോപനപരമായ വാട്‌സാപ് സ്റ്റാറ്റസ്. 'സഖാവിനെ ആക്രമിച്ച മുസ്!ലിം ലീഗിന്റെ ചെന്നായ കൂട്ടങ്ങളേ, നിങ്ങള്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ്' എന്നതായിരുന്നു വാചകം.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മര്‍ദനം നടന്ന ബൂത്തിലെ ഏജന്റ് ആയിരുന്നു എന്നല്ലാതെ മുഹ്‌സിന്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തതായി ആരോപണം ഇല്ല. വോട്ടെടുപ്പിനു ശേഷം വീട്ടിലേക്കുള്ള വഴിയില്‍ 11 പേരുള്ള അക്രമിസംഘം മുഹ്‌സിനെ പിന്തുടര്‍ന്നിരുന്നു. സ്വന്തം വീട്ടിലേക്കു കയറാതെ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണു മുഹ്‌സിന്‍ കയറിയത്. പുറത്തു പതുങ്ങിനിന്ന സംഘം, പുറത്തിറങ്ങിയ ഉടന്‍ മുഹ്‌സിനെ തടഞ്ഞുനിര്‍ത്തുകയും വെട്ടുകയുമായിരുന്നു. മന്‍സൂര്‍ സഹോദരനെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞപ്പോഴാണു ബോംബേറ് ഉണ്ടായത്.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മുസ്ലിംലീഗ് പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. സി.എച്ച്. ഡയാലിസിസ് സെന്ററിലെ മയ്യത്ത് നിസ്‌കാരത്തിനുശേഷം സ്വദേശമായ പെരിങ്ങത്തൂരിലേക്കു കൊണ്ടുപോയി.


Other News in this category4malayalees Recommends