യു.എ.ഇ യുടെ '100 മില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കൈത്താങ്ങ്

യു.എ.ഇ യുടെ '100 മില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കൈത്താങ്ങ്
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച '100 മില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഇതിലൂടെ പത്ത് ലക്ഷം പേരിലേക്ക് ഭക്ഷണമെത്തും. റമദാനില്‍ 20 രാജ്യങ്ങളിലുള്ളവര്‍ക്ക് പത്ത് കോടി ഭക്ഷണപൊതികള്‍ എത്തിക്കുന്ന പദ്ധതിയാണിത്.

റമദാന്‍ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നല്‍കാന്‍ ലക്ഷ്യമിടുന്ന '100 മില്യണ്‍ മീല്‍സ്' പദ്ധതി വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ പിന്തുണയ്ക്കുന്നതായും

അദ്ദേഹം വ്യക്തമാക്കി. താഴ്ന്ന വരുമാനക്കാര്‍, തൊഴിലാളികള്‍, കോവിഡ് ദുരിതത്താല്‍ വലയുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചാണ് പദ്ധതി.

കഴിഞ്ഞ വര്‍ഷം '10 മില്യണ്‍ മീല്‍സ്' (ഒരു കോടി ഭക്ഷണപൊതി) പ്രഖ്യാപിച്ചപ്പോഴും യൂസഫലി പത്ത് ലക്ഷം ദിര്‍ഹം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെ മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബല്‍ ഹാര്‍ട്ട് സെന്റര്‍ നിര്‍മ്മാണത്തിന് 30 ദശലക്ഷം ദിര്‍ഹവും നല്‍കിയിരുന്നു.

Other News in this category



4malayalees Recommends