യുഎസ് ഇന്‍ഡോ-പസിഫിക്കില്‍ ശക്തമായ സൈനിക സാന്നിധ്യം നിലനിര്‍ത്തും; ചൈനീസ് പ്രസിഡന്റിന് മുന്നറിയിപ്പേകി ബൈഡന്‍; മേഖലയില്‍ യുദ്ധമുണ്ടാക്കാനല്ല മറിച്ച് കലാപത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ്

യുഎസ് ഇന്‍ഡോ-പസിഫിക്കില്‍ ശക്തമായ സൈനിക സാന്നിധ്യം നിലനിര്‍ത്തും; ചൈനീസ് പ്രസിഡന്റിന് മുന്നറിയിപ്പേകി ബൈഡന്‍; മേഖലയില്‍ യുദ്ധമുണ്ടാക്കാനല്ല മറിച്ച് കലാപത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ്

ഇന്‍ഡോ-പസിഫിക്കില്‍ യുഎസ് ശക്തമായ സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗിന് മുന്നറിയിപ്പേകി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. മേഖലയില്‍ ഒരു കലഹത്തിന് രൂപം കൊടുക്കാനല്ല ഇതെന്നും മറിച്ച് അത്തരമൊരു ഏറ്റുമുട്ടല്‍ പ്രതിരോധിക്കുന്നതിന് വേണ്ടിയാണെന്നും ബൈഡന്‍ വിശദീകരിക്കുന്നു. ഈ തന്ത്രപ്രധാനമായ മേഖലയില്‍ ചൈന അതിന്റെ സ്വാധീനം ശക്തമാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് യുഎസ് ഈ നീക്കം നടത്തുന്നതെന്നും ബൈഡന്‍ പറയുന്നു.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ താന്‍ ആദ്യമായി പ്രസംഗിക്കവേ ബുധനാഴ്ച രാത്രിയാണ് ബൈഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആരോഗ്യകരമായ മത്സരങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഏറ്റുമുട്ടലുകളെ പ്രോത്സാഹിപ്പിക്കില്ലെന്നും ബൈഡന്‍ ചൈനീസ് പ്രസിഡന്റിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നാറ്റോയുമായി ചേര്‍ന്ന് കൊണ്ട് ശക്തമായ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നത് പോലെ ഇന്‍ഡോ-പസിഫിക്ക് മേഖലയിലും നീക്കം നടത്തുമെന്നാണ് താന്‍ ജിന്‍പിന്‍ഗിനെ അറിയിച്ചിരിക്കുന്നതെന്നാണ് ബൈഡന്‍ പറയുന്നത്.

ആഗോളതലത്തില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് താന്‍ നിലകൊള്ളുന്നതെന്ന് ജിന്‍പിന്‍ഗിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ബൈഡന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും വിരുദ്ധമായി നിലകൊള്ളുന്ന അനീതികരമായ വ്യാപാര രീതികള്‍ക്കെതിരെ യുഎസ് നിലകൊള്ളുമെന്നും ബൈഡന്‍ പറയുന്നു. മനുഷ്യാവകാശങ്ങള്‍ അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയവക്കായി നിലകൊള്ളുമെന്നും അവയെ കാത്ത് സംരക്ഷിക്കുമെന്നും മറ്റ് പല ലോകനേതാക്കളോടും വ്യക്തമാക്കിയത് പോലെ ജിന്‍പിന്‍ഗിനെയും താന്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും ബൈഡന്‍ പറയുന്നു.


Other News in this category4malayalees Recommends